Friday, 23 November 2018

ശബരിമല

ശബരിമല
ശബരിമലയിൽ മാത്രമല്ല, മാരാമണ്ണും, മദ്ബഹായിലും, പുലത്തീനിലെ സിംഹാസനത്തിലും, വത്തിക്കാനിലെ സിംഹാസനത്തിലും സ്ത്രീകൾ വരണമെന്ന് തന്നെയാണ് എന്റെ വ്യക്തവും ശക്തവുമായ നിലപാട്. എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും നവീകരണം കാലാകാലങ്ങളിൽ ഉണ്ടാവുകതന്നെ വേണം. എന്നാൽ എവിടെ നിന്നാണ് നവീകരണം ആരംഭിക്കേണ്ടത്, ആരാണ് അവ കൊണ്ടുവരേണ്ടത്, ഏത് താത്വിക അടിത്തറയിൽ നിന്നാണ് നവീകരണം ആരംഭിക്കേണ്ടത് എന്നതൊക്കെയാണ് ഇവിടെ ചർച്ച ചെയ്യുവാൻ ആഗ്രഹിക്കുന്നത്.
മലങ്കര സഭയിൽ അബ്രഹാം മല്പാൻ നടപ്പിലാക്കുവാൻ ശ്രമിച്ച നവീകരണം പുറത്തുനിന്നുള്ള അടിച്ചേല്പിയ്ക്കൽ അല്ലായിരുന്നു. പാശ്ചാത്യ യുക്തിയുടെയും വ്യക്തികേന്ദ്രീകൃത സാമൂഹ്യസങ്കല്പത്തിൽ നിന്നും ഉള്ളതായിരുന്നില്ല. പിന്നെയോ സുറിയാനി പൈതൃകത്തിന്റെയും കാനോനിന്റെയും അടിസ്ഥാനത്തിൽ ആയിരുന്നു. 
1. Platform of Reformation
ഉണർവുകാലത്ത് കടന്നുകൂടിയ പാശ്ചാത്യ സ്വാധീനമാണ് ക്രിസ്തീയ സഭയിൽ വ്യക്തി കേന്ദ്രീകൃത സുവിശേഷങ്ങൾ, സമൃദ്ധിയുടെ സുവിശേഷം അതിനെ തുടർന്നുണ്ടായ പെന്തക്കോസ്തു സഭകളിലേക്കുള്ള ഒഴുക്ക് എന്നിവയുടെ മൂലകാരണം. അതിനാൽ പാശ്ചാത്യ അധിനിവേശത്തിന്റെ അടിത്തറയിൽ നിന്നുള്ള നവീകരണ ശ്രമങ്ങളെയും ഭാരതത്തിന്റെ സംസ്‌കൃതിയുടെ മൂല്യത്തിൽ നിന്നുള്ള നവീകരണ ശ്രമങ്ങളെയും വേർതിരിച്ച്    കാണണം. ആദ്യത്തേത് ഒരു സമൂഹത്തെ എങ്ങനെ അപചയത്തിലേക്ക്, തകർച്ചയിലേക്ക് നയിക്കുമെന്ന് പാശ്ചാത്യ നവീകരണ സഭകളിലും സമൂഹത്തിലും  ഇവിടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാർഥ്യങ്ങൾ മാത്രം നോക്കിയാൽ മതി. 
അയ്യങ്കാളിയും ശ്രീനാരായണഗുരുവും പെരിയാറും നടത്തിയിട്ടുള്ള നവീകരണശ്രമങ്ങൾ ഭാരതീയ സംസ്‌കൃതിയുടെ മൂല്യങ്ങളിൽ അടിയുറച്ചുതന്നെയായിരുന്നു. രാജാറാം മോഹൻറായിയുടെയും ടാഗോറിന്റെയും നവീകരണങ്ങൾ പാശ്ചാത്യ സ്വാധീനത്തിൽ നിന്നും ഉരുത്തിരിഞ്ഞതും അധിനിവേശപരവും ആയിരുന്നു. ഇവ രണ്ടും വേർതിരിച്ചു കാണേണ്ടിയിരിക്കുന്നു.
വ്യക്തിയുടെയും സ്റേറ്റിന്റെയും ഇടയിൽ ഒരു സാമൂഹ്യ സംവിധാനവും അംഗീകരിക്കാത്ത പാശ്ചാത്യ യുക്തി, കുടുംബം, ഗ്രാമം, അയൽക്കൂട്ടം, ഗ്രാമസഭ, മതം എന്നീ സാമൂഹ്യ സംവിധാനങ്ങളെ ഒന്നും തന്നെ അംഗീകരിക്കുകയും അവയുടെ സ്ഥാനം നൽകുകയും ചെയ്യുന്നില്ല. അവയുടെ ഭരണഘടനകൾ എല്ലാം തന്നെ ഈ ഒരു അടിത്തറയിൽ ആണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വ്യക്തിയുടെ വളർച്ചയിൽ സ്റേറ് മാത്രമാണ് ഇടപെടുക. മാതാപിതാക്കൾക്കോ കുടുംബത്തിനോ മതത്തിനോ അതിൽ ഇടപെടുവാൻ അവകാശമില്ല. എന്നാൽ ഭാരതത്തിലെ ഭരണഘടനാ നിർമ്മാതാക്കൾ ഇവയെയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഇവിടെ പരമാധികാര രാഷ്ട്രനിർമ്മിതി നടത്തിയിട്ടുള്ളത്. സ്റ്റേറ്റിന്റെ ഏജന്റുമാരായ അധ്യാപകർ, കൗൺസിലർമാർ, വക്കീലന്മാർ ആദിയായവർ മാത്രം അംഗീകരിക്കപ്പെടുകയും മാതാപിതാക്കൾ,  മതപുരോഹിതൻ,  സാമൂഹ്യ നേതാക്കൾ എന്നിവരെയെല്ലാം അവഗണിച്ച ഒരു സാമൂഹ്യനിർമ്മിതിയുടെ ഫലമാണ് കുടുമ്പത്തകർച്ചകളും സ്‌കൂളിൽ പോലും അരങ്ങേറുന്ന വെടിവയ്പുകളും. ഈ അത്യാധുനിക മനഃശാസ്ത്രവും അതിനൂതനമായ സാങ്കേതികമികവുള്ള പ്രൊഫഷണൽ കൗൺസിലിംഗും എല്ലാം ഉണ്ടായിട്ടും ഏന്തേ സ്‌കൂൾ വിദ്യാർത്ഥികളുടെ ഇടയിലെ അക്രമവാസനപോലും നിയന്ത്രിക്കാൻ അവർക്ക് കഴിയുന്നില്ല? മികച്ച കോടതി സംവിധാനവും കൊടികെട്ടിയ വക്കീലന്മാരും ഉണ്ടായിട്ടും ഏന്തേ കുടുംബതർച്ചയും ഡിവോഴ്‌സും വർദ്ധിക്കുന്നു? സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ എണ്ണം കൂടി വന്നിട്ടും എന്തെ രോഗങ്ങളുടെയും രോഗികളുടെയും എണ്ണം വികസിത രാജ്യങ്ങളിൽ കൂടി വരുന്നു?
ശബരിമല വിഷയത്തിൽ സ്ത്രീ പ്രവേശനത്തിനനുകൂലമായി വാദിച്ചവരും വിധി പറഞ്ഞവരും ഈ അധിനിവേശ യുക്തിയുടെ പശ്ചാത്തലത്തിൽ നിന്നാണ് വിഷയത്തെ നോക്കി കണ്ടത്. അതിന്റെ മറുവശം അറിയണമെങ്കിൽ വനിതാ ജഡ്ജിയുടെ ജഡ്ജ്‌മെന്റ് വായിക്കണം. അവരും പഠനം നടത്തിയിട്ടു തന്നെയാണ് ഇത് എഴുതിവച്ചത്!
2.CORPORATE AGENDA
സ്റ്റേറ്റ് എന്ന് പറഞ്ഞാൽ കോർപ്പറേറ്റ് സംവിധാനത്തിന് പൂർണ നിയന്ത്രണം ഉള്ള ഒരു വ്യവസ്ഥിതി..... അതായത്,  കുടുംബ സംവിധാനവും, വ്യക്തി സ്വാതന്ത്ര്യവും എന്തെന്ന് ഈ കോർപ്പറേറ്റ് ഭീമന്മാർ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യും.... സ്ത്രീ സ്വാതന്ത്ര്യം എന്ന് ഇവർ നിലവിളിക്കുന്നതിന്റെ അടിത്തറ,  അവരുടെ  ആവശ്യത്തിന്, കൂടുതൽ തൊഴിലാളിവകളെ,  കുറഞ്ഞ കൂലിയിൽ സൃഷ്ടിച്ചെടുക്കുക എന്നുള്ളത് മാത്രമാണ്..... സ്വന്തം ഇഷ്ടപ്രകാരം കുടുംബത്തിൽ സംരക്ഷണത്തിനുള്ളിൽ കഴിയുന്ന സ്ത്രീ സ്വതന്ത്ര അല്ല എന്ന് പഠിപ്പിക്കുവാൻ മറ്റുള്ളവർക്ക് എന്തു അവകാശം ആണുള്ളത്?   തൊഴിലെടുക്കുന്ന നഴ്സുമാർക്ക് ശമ്പളം കൂട്ടിക്കൊടുക്കുന്ന കാര്യത്തിൽ ഈ പറഞ്ഞ കോർപ്പറേറ്റ് ഏജന്റമാർക്കു സ്ത്രീ സ്വാതന്ത്ര്യം വേണ്ടായിരുന്നു...... കുടുംബ വ്യവസ്ഥിതിയെ തകർക്കുവാനും, അതിലൂടെ സ്ത്രീയെ കോർപ്പറേറ്റ് ഭീമന്മാരുടെ അടിമകൾ ആക്കി മാറ്റുവാനുമുള്ള എല്ലാ കാര്യങ്ങളിലും സ്ത്രീ വിമോചനം ഈ ആധുനിക ഏജന്റുമാർ കാണും.....
കുടുംബ വ്യവസ്ഥിതിയിൽ പരസ്പര വിശ്വസത്തിൽ അധിഷ്ഠിതമായ ഒരു സംരക്ഷണം അലങ്കാരമായി കാണുന്ന ഭാരതീയ സ്ത്രീകൾ എന്നും കോർപ്പറേറ്റ് വ്യവസ്ഥിതിയുടെ നിയന്ത്രണങ്ങൾക്ക് പുറത്താണ്..... അവരെ, കോർപ്പറേറ്റ് തൊഴിലാളികൾ ആക്കി മാറ്റി ചൂഷണം ചെയ്യണമെങ്കിൽ, ഭാരതത്തിലെ കുടുംബ വ്യവസ്ഥിതി തകർക്കപ്പെടണം..... അതിനെ ആണ് ഇന്ന് കോർപ്പറേറ്റ് ഏജന്റുമാരായ മീഡിയയും രാഷ്ട്രീയ പാർട്ടികളും സ്ത്രീ സ്വാതന്ത്ര്യം എന്ന ഓമനപ്പേരിൽ വിളിക്കുന്നത്......
ചാനൽ ചർച്ചകളിൽ,  ഇതുപോലെയുള്ള കോർപ്പറേറ്റ് ഏജന്റുമാരെ നിരത്തിയിരുത്തി,  അവർക്കു മാത്രം സംസാരിക്കുവാൻ അവസരം നൽകുകയും,  മറ്റുള്ളവരെ വെറും നോക്കുകുത്തികൾ ആയി ഇരുത്തുകയും ചെയ്യുന്ന  ഒരു കോർപ്പറേറ്റ് അജണ്ടയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്..
കുടുംബ വ്യവസ്ഥിതിയെ ബഹുമാനിച്ചു, അതിന്റ സംരക്ഷണത്തിനായി തെരുവിൽ ഇറങ്ങിയ ലക്ഷക്കണക്കിന് സ്ത്രീകളുടെ അഭിപ്രായത്തിനും,  വികാരങ്ങൾക്കും,  സ്വാതന്ത്ര്യത്തിനും, വിശ്വാസങ്ങൾക്കും പുല്ലു വിലപോലും കല്പിക്കിക്കാതിരുന്ന ഈ കോർപ്പറേറ്റ് ഏജൻസികൾ,  മല കയറുവാൻ വന്ന നാലു അവിശ്വാസികളുടെ അവകാശങ്ങൾക്കു വേണ്ടി ഘോരഘോരം വാദിച്ചു,  അവരുടെ നിലപാടിനെ,  ലക്ഷോപലക്ഷം സ്ത്രീകളുടെ നിലപാടിനേക്കാൾ വലിയതാണെന്നു ഊതി വീർപ്പിച്ചതിനു പിന്നിലെ ദുരുദ്ദേശവും, ഗൂഡാലോചനയും, ലക്ഷ്യവും ഇനിയും ജനങ്ങൾ മനസ്സിൽ ആക്കേണ്ടിയിരിക്കുന്നു.....
ഈ കോർപ്പറേറ്റ് അജണ്ട നടപ്പാക്കുന്ന ഏജന്റുമാരിൽ,  വിദേശ നിയന്ത്രണത്തിൽ ഉള്ള മീഡിയ ഹൗസ്,    കോർപ്പറേറ്റ് ഫണ്ടിങ്ങിൽ നടക്കുന്ന മിഷനറി പ്രവർത്തകർ (എല്ലാവരുമല്ല, ആത്മാർത്ഥമായി സാമൂഹ്യ സേവനം ചെയ്യുന്നവരെ വേർതിരിച്ചു കാണേണ്ടിയിരിക്കുന്നു), ചില സ്വയ പ്രഖ്യാപിത ലിബറൽസ്,  വിദേശ തത്വ ശാസ്ത്രങ്ങളിൽ മാത്രം വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾ, ഇവരുടെ ഒക്കെ വീതം പറ്റുന്ന ഒരു കൂട്ടം വക്കീലന്മാരും മറ്റു പ്രൊഫഷണൽ ആൾക്കാരും,  അങ്ങനെ പലരും വരും.....
അവർക്ക്,  ചുംബന സമരത്തിലും,  മയക്കുമരുന്ന് ഉപയോഗത്തിലും, സ്വവർഗ പ്രണയത്തിലും, സ്വവർഗ വിവാഹത്തിലും, പരപുരുഷ ബന്ധത്തിലും മാത്രമാണ് സ്ത്രീ വിമോച്ചനം....... ഒരു മകളായി... പെങ്ങളായി..... ഭാര്യയായി..... അമ്മയായി... വല്യമ്മയായി... അമ്മായി...... അമ്മയായി, ..... നാത്തൂനായി.... അമ്മായിയായി.... ചെറിയമ്മയായി... കുടുംബിനിയായി.... കുടുംബത്തിന്റെ നേടും തൂണായി കുടുംബ വ്യാവസ്ഥിതിയെ നിലാനിർത്തുകയും അതിനായി കഷ്ടപ്പെടുകയും ചെയ്യുന്ന കോടാനുകോടി സ്ത്രീകൾ അവരുടെ സ്ത്രീ വിമോചനത്തിന്റെ നിർവചനത്തിൽ വരുന്നില്ലാ..... കാരണം,  അവരെക്കൊണ്ടു,  കോർപ്പറേറ്റ് ഭീമന്മാർക്ക് ഒരു ഗുണവുമില്ല..... 
കുടുംബിനിയാണ് ഒരു യഥാർത്ഥ പ്രൊഫഷണൽ . മാനേജ്മെൻറ്, കല, വിജ്ഞാനം,  ഡിപ്ലോമസി,  മാനസിക ശാസ്ത്രം,   വിശ്വസം... അങ്ങനെ എല്ലാം  ഉൾപ്പെടിത്തി തന്നെയാണ് ഒരു കുടുംബിനി തന്റെ കുടുംബത്തെ ഒരു ചരടിൽ കോർത്തു കെട്ടുന്നത്...... ജീവനും ആത്മാവുമുള്ള ഭക്ഷണം നല്കുന്നവൾ എങ്ങനെ കോര്പറേറ്റുകൾക്കു പുരാവസ്തുവായി മാറി എന്ന് നമ്മൾ മനസ്സിൽ ആക്കണം... -----യഥാർത്ഥ അൾത്താര കുടുംബിനിയുടെ അടുക്കളയിലാണ്‌. അവിടെയാണ് കുർബ്ബാനയർപ്പിക്കപ്പെടുന്നത്. അമ്മയുടെ ശരീരവും രക്തവും കൂടെ സമർപ്പിക്കപ്പെടുകയാണ്. പുരോഹിതൻ നടത്തുന്നത് പ്രതീകം മാത്രമാണ്.... എന്നാൽ ആധുനിക കാലത്ത് കുടുംബിനിയായിരിക്കുകയെന്നത് ഒരു ന്യൂനതയായി ചിത്രീകരിക്കപ്പെടുകയാണ്...... കോർപ്പറേറ്റ് ഭീമൻമാർക്കു വേണ്ടിയാണ് പ്രപഞ്ചവും അതിലെ സർവ്വതും...... അവർക്ക് ഉപയോഗിച്ച് വലിച്ചെറിഞ്ഞു കളയാനുള്ള വെറും ചവറുകൾ......
ജ്ഞാനികൾ ജനങ്ങളുടെ ആവശ്യാർത്ഥം ജന സേവകരെ നിയമിച്ചു. സമ്പത്തും അധികാരവും അവരെ ജനങ്ങളുടെ നായകരും യജമാനന്മാരുമാക്കി. അവർ കോർപ്പറേറ്റുകളെ സൃഷ്ടിച്ചു. 
കോർപ്പറേറ്റുകൾ ജനനേതാക്കളെ തീരുമാനിച്ചു. അവരെ നിയന്ത്രിച്ചു തുടങ്ങി. ഇപ്പോൾ കോർപ്പറേറ്റുകൾ സ്വയം ഭരണാധികാരികളായി മാറിക്കൊണ്ടിരിക്കുന്നു.....പ്രത്യക്ഷ ഉദാഹരണമാണ് ട്രംപ്........
വീട്ടിൽ നല്ല ഭക്ഷണം ഉണ്ടാക്കുന്ന അമ്മയുള്ളപ്പോൾ,  ഈ കോർപ്പറേറ്റ് നീരാളികൾ സൃഷ്ഠിക്കുന്ന ജങ്ക് ഫുഡ്‌ ആര് വാങ്ങിക്കും?
കുടുംബ വ്യവസ്ഥിതിയെ തകർക്കുന്ന പരസ്ത്രീ /പരപുരുഷ ബന്ധം നിയമപരമാക്കിയ വിധി പുരോഗമനപരമായതു അതിനാലാണ്...... (എന്തായാലും ആ വിധി നടപ്പാക്കുവാൻ സർക്കാർ ഇതുവരെ പ്രതിജ്ഞാബദ്ധമായിട്ടില്ല.... 😝)
ട്രിപ്പിൾ തലാഖ്,  പാപമാണെന്നു വിശുദ്ധ ഗ്രന്ധങ്ങൾ പറഞ്ഞിട്ടും,  ആ വിധി ന്യൂന പക്ഷങ്ങളുടെ അവകാശത്തിലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കപ്പെട്ടതു,  അത് കുടുംബ വ്യവസ്ഥിതിയുടെ വിശ്വാസ്യതയെ കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നുള്ളത്‌ കൊണ്ട് തന്നെയാണ്..... കുടുംബ വ്യവസ്ഥിതിയിൽ പരസ്പര വിശ്വസത്തിൽ അധിഷ്ഠിതമായ ഒരു സംരക്ഷണം അലങ്കാരമായി കാണുന്ന ഭാരതീയ സ്ത്രീകൾ എന്നും കോർപ്പറേറ്റ് വ്യവസ്ഥിതിയുടെ നിയന്ത്രണങ്ങൾക്ക് പുറത്താണ്..... അവരെ, കോർപ്പറേറ്റ് തൊഴിലാളികൾ ആക്കി മാറ്റി ചൂഷണം ചെയ്യണമെങ്കിൽ, ഭാരതത്തിലെ കുടുംബ വ്യവസ്ഥിതി തകർക്കപ്പെടണം..... അതിനെ ആണ് ഇന്ന് കോർപ്പറേറ്റ് ഏജന്റുമാരായ മീഡിയയും രാഷ്ട്രീയ പാർട്ടികളും സ്ത്രീ സ്വാതന്ത്ര്യം എന്ന ഓമനപ്പേരിൽ വിളിക്കുന്നത്...... കുടുംബ വ്യവസ്ഥിതിയുടെ തകർച്ചയാണിതിന്റെ ഫലം, തകർക്കലാണ് ലക്ഷ്യം.
സ്ത്രീ അടുക്കളയിൽ നിന്നും പുറത്തു വന്നതിലൂടെ കോർപ്പറേറ്റുകൾക്ക് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത് ട്രില്യൻസിന്റെ കച്ചവടമാണ്. കൂടാതെ ശാരീരികമായ ചൂഷണത്തിനുള്ള ധാരാളം അവസരങ്ങളും - സംപൂർണ്ണ അടിമത്വം.
ഈ അടിമത്വത്തെ സ്വാതന്ത്ര്യമായി ഇതേ കോര്പറേറ്റുകൾ തന്നെ പ്രഖ്യാപിച്ചു.... ജനങ്ങളുടെ സ്വാതന്ത്ര്യം എന്താണെന്ന് കോര്പറേറ്റുകൾ തീരുമാനിക്കും.... ജനങ്ങൾ അല്ല തീരുമാനിക്കുന്നത്... അതായത്,  എന്റെ സ്വാതന്ത്ര്യം എന്ന് പറയുന്നത്,  കോര്പറേറ്റുകൾക്കു അടിമവേല ചെയ്യുവാനുള്ള സാധ്യതയാണ്.... അവർക്കു പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുവാനുള്ള അവസരം ഒരുക്കിക്കൊടുക്കലാണ്...
സ്ത്രീകളുടെ വസ്ത്രധാരണം എങ്ങനെ ആട്ടിയിരിക്കണമെന്നു ഈ കോർപ്പറേറ്റ് ഫാഷൻ ഡിസൈനേഴ്സ് തീരുമാനിക്കും.... ആ വസ്ത്രം ഉടുക്കുന്നവർ മാത്രമാണ് ആധുനികരും,  സംസ്കാര സമ്പന്നരും,  തുറന്ന മനസ്സുള്ളവരും.... മാന്യമായി വസ്ത്രം ധരിച്ചു നടക്കുന്നവർ പിന്തിരിപ്പന്മാർ ആയി മാറുന്നു..... ഈ ചെറുതാവുന്ന വസ്ത്രത്തിന്റെ പ്രതിഭാസം,  പുരുഷന്മാരുടെ വസ്ത്രത്തിനു ഇല്ല എന്നുള്ളതാണ്,  സ്ത്രീ പുരുഷ സമത്വത്തിലെ വൈരുധ്യാത്മകത
അമേരിക്കയിൽ,  വിവാഹ പൂർവ ലൈംഗിക ബന്ധങ്ങൾക്കുള്ള അവകാശം ആണ് സ്ത്രീ സ്വാതന്ത്ര്യത്തിന്റ മറ്റൊരു അളവുകോൽ.... എന്നാൽ അതിൽ നിന്നും ഗർഭിണികൾ ആകുന്ന കൗമാര സ്ത്രീകളുടെ സ്വാതന്ത്ര്യം എവിടെ പോകുന്നു? കുടുംബത്തിന്റെ ഉത്തരവാദിത്വം ഇല്ലാത്ത പുരുഷന്റെ സ്വാതന്ത്ര്യം ഇതിനോട് താരതമ്യം ചെയ്യുവാൻ സാധിക്കുമോ? കുടുംബ വ്യവസ്ഥിതിയുടെ തണലിൽ സ്ത്രീക്ക് കിട്ടുന്ന തുല്യ നീതിയും ഉത്തരവാദിത്വവും എങ്ങനെ നമുക്ക് കാണുവാതിരിക്കാനാവും? ആ വ്യവസ്ഥിതിയെ തകർക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയോ,  പുരുഷ മേധാവിത്വത്തിനു വേണ്ടിയോ?
ഭാരത സംസ്കാരം,  പ്രകൃതിയെ ചൂഷണം ചെയ്യാതെ സംരക്ഷിക്കുന്നത് കൊണ്ട് അത് കോർപ്പറേറ് അജണ്ടക്ക് പുറത്തായി.... ആ സംസ്കാരത്തിലെ അടിത്തറകൾ എല്ലാം അന്ധവിശ്വാസങ്ങൾ എന്ന പേരിൽ പിച്ചി ചീന്തപ്പെട്ടു.... കഥകളിലും,  മിത്തുകളിലും,  വിശ്വാസങ്ങളിലും അടിയുറച്ചു വളർന്ന ആ അതിജീവന സംസ്കാരം വെറും പാഴ് ജീവിതമായി ചിത്രീകരിക്കപ്പെട്ടു... 
പാശ്ചാത്യ കോളനി  വൽക്കരണവും,  അധിനിവേശവും,  സ്പോൺസർ ചെയ്യപ്പെട്ട സുവിശേഷീകരണവും, പാശ്ചാത്യ മാധ്യമ കടന്നുകയറ്റവും,   എല്ലാം ഇതിന്റെ തുടർപ്രവത്തനങ്ങൾ ആയിരുന്നു.... (ആത്മാർത്ഥമായി സാമൂഹ്യ സേവനം ചെയ്തവരെ,  തീർച്ചയായും ഈ കോർപ്പറേറ്റ് ഏജന്റുമാരിൽ   നിന്നും വേറിട്ടു കാണേണ്ടിയിരിക്കുന്നു)
ഇക്കാലത്തെ അനന്തസാധ്യതയെന്നു വെച്ചാൽ കോർപ്പേറേറ്റുകളുടെ അടിമത്വം സ്വീകരിച്ചു കോടികളുടെ പാക്കേജ് സ്വീകരിക്കുകയാണ്.
പ്രകൃതി വിഭവമാണ് സ്ത്രീയും; അതും ചൂഷണം ചെയ്യപ്പെടേണ്ടവയാണ്---കാപിറ്റലിസത്തിലായാലും,കമ്മ്യൂണസത്തിലായാലും.
അതിലൂടെ അവർ നേടിയെടുത്തത്,  ഇവിടുത്തെ പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്തു അതി ഭീമമായ ലാഭങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതകൾ ആണ്...... 
അതിനു ഇന്നും വിലങ്ങു തടിയായി നിൽക്കുന്നത് ഇവിടുത്തെ ജനങ്ങളുടെ വിശ്വാസങ്ങളും,  കുടുംബ, സാമൂഹ്യ വ്യവസ്ഥിതിയുമാണ്.....
ഇന്ന് കാണുന്ന കമ്യുണിസ്റ്റ് പാർട്ടിയും ഈ കോർപ്പറേറ്റ് ഭീമന്മാരിൽ നിന്നും,  ബൂർഷ്വകളിൽ നിന്നും പിന്നാമ്പുറത്തു കൂടെ പണം കൈപ്പറ്റി നിലനിൽക്കുന്ന പ്രസ്ഥാനം തന്നെയാണ്... ഒരു സാധാരണ കമ്മ്യൂണിസ്റ്റ്‌ വിശ്വാസി കണ്ണടച്ച് വിശ്വസിക്കുന്നത് പോലെ,  വട്ടിപ്പിരിവിൽ കിട്ടുന്ന കാണിക്കയും, സ്ത്രോത്രകാഴ്ചയും കൊണ്ട് പണിതെടുത്തതല്ല ഇന്നത്തെ ചുവന്ന പാർട്ടി...
അത് കൊണ്ട് തന്നെ, ബാറു മുതലാളിമാർക്ക് വേണ്ടി ദേശീയ, സംസ്ഥാന പാതകൾ പ്രാദേശിക പാതകളാക്കി സുപ്രീം കോടതിയെ വെല്ലു വിളിച്ചു;

സ്വാശ്രയ മുതലാളിമാർക്ക് വേണ്ടി സുപ്രീം കോടതിക്കെതിരെ ഓർഡിനൻസ് കൊണ്ട് വന്നു;

ആശുപത്രി മുതലാളിമാർക്ക് വേണ്ടി നഴ്‌സുമാർക്ക് മിനിമം സാലറി എന്ന സുപ്രീം കോടതി വിധി നടപ്പാക്കിയില്ല;

ആദിവാസികൾക്കായുള്ള ഭൂ നിയമം നടപ്പിലാക്കിയില്ല; (ജഡ്ജിയെ ശുംഭൻ എന്ന് വിളിക്കുക കൂടി ചെയ്തു)

ഏതോ സംസ്ഥാനത്തു കോടതി വഴി ഗോവധം നിരോധിച്ചപ്പോൾ ഇവിടുത്തെ അമ്പലങ്ങളിൽ ബീഫ് ഫെസ്റ്റിവൽ നടത്തി ആഘോഷിച്ചു;

മുത്തലാക്ക് കോടതി നിരോധിച്ചത് ന്യൂനപക്ഷങ്ങളോടുള്ള വെല്ലു വിളിയെന്നു പറഞ്ഞു;
ആയതിനാൽ......ലൈംഗിക ചൂഷണങ്ങൾ,  പാർട്ടിക്കും കോർപ്പറേറ്റ് ഭീമന്മാർക്കും ഒരിക്കലും സ്ത്രീ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമല്ല,  മറിച്ചു,  സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങൾ ആണ്.... പാർട്ടി നേതാക്കളുടെ ലൈംഗിക ചൂഷണം പാർട്ടി നേതൃത്വം അന്വേഷിക്കും എന്ന് പറയുന്നതിലെ വൈരുദ്ധ്യാത്മക ഭൗതിക വാദം ഇതിൽ നിന്നും മനസ്സിൽ ആക്കാം.... അപ്പോൾ,  പോലീസും,  കോടതി വ്യവസ്ഥിതിയും ഒന്നും പാർട്ടിക്ക് വേണ്ട....
കുടുംബ വ്യവസ്ഥിതിയെ തകർക്കുന്ന പരസ്ത്രീ /പരപുരുഷ ബന്ധം നിയമപരമാക്കിയ വിധി പുരോഗമനപരമായതു അതിനാലാണ്...... (എന്തായാലും ആ വിധി നടപ്പാക്കുവാൻ സർക്കാർ ഇതുവരെ പ്രതിജ്ഞാബദ്ധമായിട്ടില്ല.... 😝)
ഇതിലെല്ലാം ഒളിഞ്ഞിരിക്കുന്ന കോർപ്പറേറ്റ് അജണ്ട മനസ്സിൽ ആകാതിരിക്കുവാൻ തക്കവണ്ണം സഖാക്കളെ അന്ധവിശ്വാസികൾ ആക്കി നിലനിർത്താൻ കഴിയുന്നു എന്നുള്ളതാണ് കമ്മ്യൂണിസ്റ്റ്‌ നേതൃത്വത്തിന്റെ കേരളത്തിലെ നിലനില്പിന്റെ സൂത്രവാക്യം  ........................................
3. Boundaries  of Constitutional Offices
ഭരണഘടനാ നിർമ്മാതാക്കൾ ഓരോ ഭരണഘടനാ സ്ഥാപനങ്ങൾക്കും വ്യക്തമായ അതിരുകൾ നിര്ണയിച്ചിട്ടുണ്ടായിരുന്നു. ജനാധിപത്യത്തിൽ പരമാധികാരം ജനങ്ങൾക്ക് തന്നെയാണ്. അത് പട്ടാളത്തിനും ഇല്ല, കോടതിക്കും ഇല്ല. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റിനാണ് പരമാധികാരം. നിയമ നിർമ്മാണം അവരുടെ അധികാര പരിധിയിൽ വരുന്നതാണ്. നിർമ്മിക്കപ്പെട്ട പാസാക്കിയ നിയമങ്ങളുടെ വ്യാഖ്യാനമാണ് സുപ്രീം കോടതിയുടെ പരിധിയിൽ വരിക. 
ലോകത്തു ഒരിടത്തുമില്ലാത്ത, തങ്ങളുടെ പിൻഗാമികളെ തങ്ങൾ തന്നെ തിരഞ്ഞെടുത്ത് നിയോഗിക്കുന്ന കൊളീജിയം എന്ന സംവിധാനം കോടതി തന്നെ തീരുമാനിച്ച നടപ്പിലാക്കിയപ്പോൾ വി ആർ. കൃഷ്ണ അയ്യർ, കഴ്സൺ റോഡിലുള്ള ഈ സ്ഥാപനം ഞങ്ങൾക്ക് ആവശ്യമില്ലെന്ന് ഭാരതത്തിലെ ജനസമൂഹം പറയുന്ന ഒരു  നാൾ വരുമെന്ന് പറഞ്ഞിട്ടുള്ളത് വെറുതെയല്ല. ഇന്ന് ആർ ഭരണത്തിൽ വന്നാലും ജനങ്ങൾ ആരെ തിരഞ്ഞെടുത്താലും ഇന്ത്യയിലെ രാഷ്ട്രീയവും സമ്പത്ഘടനയും നീതിനിർവഹണവും  ഏതുവഴിക്ക് പോകണമെന്ന് തീരുമാനിക്കുന്നത് 200  കുടുംബങ്ങളിൽ നിന്നുള്ള ജഡ്ജിമാരാണ്. എവിടെ നമ്മുടെ പരമാധികാരം? ഇവിടെ ഇപ്പോൾ ജനാധിപത്യവുമല്ല, പട്ടാളഭരണവുമല്ല. എന്ത് വിളിക്കണമെന്ന് ചിന്തിക്കുന്നവർ തീരുമാനിക്കട്ടെ.. ജസ്റ്റിസ് കർണ്ണൻ കേസ് അടക്കമുള്ള പല സംഭവങ്ങളിലും പാർലമെന്റിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റം കാണാതിരുന്നുകൂടാ. ഇത് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കക്ഷിഭേദമെന്യെ  അംഗങ്ങൾ ഉന്നയിച്ചിട്ടുള്ളതുമാണ്. നിയമ നിർമാണ സഭകൾ മരിച്ചു പോയി എന്ന നിലയിൽ കോടതികൾ നിയമനിര്മാണത്തിൽ കൈ കടത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി തന്നെയാണ്...... അത് പാകിസ്ഥാനിലെ പോലെ പട്ടാളത്തിൽ നിന്നായാലും,  ജഡ്ജിമാരിൽ നിന്നായാലും,  അതിനെതിരെ ജനകീയ മുന്നേറ്റം ഉണ്ടാകുക തന്നെ ചെയ്യും....

മൗലികാവകാശങ്ങൾ സ്റ്റേറ്റിന്റെ സ്ഥാപനങ്ങൾക്ക് ആണ് ബാധകം. സ്റ്റേറ്റിന്റെ ഒരു സ്ഥാപനവും ലിംഗവിവേചനം നടത്തുവാൻ പാടില്ല. ഇതിന്റെ പരിധിയിൽ മതസമൂഹങ്ങൾ വരുന്നതായി നമ്മുടെ ഭരണഘടനാ വിഭാവനം ചെയ്തിട്ടില്ല. 
മതസമൂഹങ്ങളെ നിഷേധിക്കുന്ന പാശ്ചാത്യ സെകുലർ ചിന്തയല്ലാ നമ്മുടേത്. അത് മതസമൂഹങ്ങളെ അവയുടെ തനിമയിൽ തന്നെ അംഗീകരിച്ചുകൊണ്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് സെകുലർ എന്നതുകൊണ്ട് വിഭാവനം ചെയ്യുന്നത്, മതങ്ങളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുകയില്ല എന്ന് തന്നെയാണ്. എന്നാൽ സിവിൽ അവകാശങ്ങൾ നിഷേധിക്കുന്ന (ഉദാ: ട്രിപ്പിൾ തലാക്ക്) മതങ്ങളുടെ ഇടപെടൽ ഉണ്ടെങ്കിൽ അവ സ്റ്റേറ്റിന് നിരോധിക്കാം.  ക്രിമിനൽ സ്വഭാവം (ഉദാ: സതി)  ഒരു ആചാരത്തിനുണ്ടെങ്കിൽ അതും നിരോധിക്കാം. എന്നാൽ ശബരിമല വിഷയം പൂർണ്ണമായും അവരുടെ മതത്തിന്റെ ആഭ്യന്തര കാര്യമാണ്. അത് കോടതിയുടെ പരിധിക്ക് പുറത്തുമാണ്. ഇനി ഇത് നടപ്പിലാക്കണമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് ജനപ്രതിനികളോ നിയമസഭാ ജനപ്രതിനിധികളോ ചർച്ച ചെയ്ത് നിയമം വഴി ഇവ നടപ്പിലാക്കട്ടെ. 
Rev. Dr. A. C. Thomas &  Adv.A.C.Philip

Sunday, 4 November 2018

പ്രളയം: മിത്തും യുക്തിയും ഏറ്റുമുട്ടുമ്പോള്‍


പ്രളയം: മിത്തും യുക്തിയും ഏറ്റുമുട്ടുമ്പോള്‍
...റവ. ഡോ. ഏ. സി. തോമസ്, സെറാമ്പൂര്‍ യൂണിവേഴ്സിറ്റി  &
....എ. സി. ഫിലിപ്പ്,  അഡ്വക്കേറ്റ്,  സുപ്രീം കോർട്ട് ഓഫ് ഇന്ത്യ..
ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരം അമ്മൂമ്മ കുഞ്ഞുമകന് എണ്ണതേച്ചുകൊടുക്കുമ്പോള്‍ പറഞ്ഞുകൊടുക്കയാണ്. അതിലൂടെ അവന്‍റെ ഉള്ളില്‍ എന്നന്നേക്കുമായി കുറിച്ചിടപ്പെടുന്ന നിത്യസത്യമുണ്ട്. ജീവിതത്തില്‍ അമിത ആത്മവിശ്വാസം അപകടമാണെന്ന്, സാവകാശമുള്ള യാത്രയാണ് ലക്ഷ്യത്തിലെത്തിക്കുകയെന്ന്, വെട്ടിപ്പിടിക്കുവാനുള്ള ആര്‍ത്തി ജീവിതപരാജയത്തില്‍ എത്തിക്കുമെന്ന്. അങ്ങനെ ഇനിയും ഏറെڔസത്യങ്ങള്‍, ജീവിതത്തില്‍ മുന്നോട്ട് പോകുന്നതനുസരിച്ച് വെളിവാക്കപ്പെട്ടുകൊണ്ടിരിക്കും. കുഞ്ഞേ, നുണ പറഞ്ഞാല്‍ തലയില്‍ തേങ്ങ വീഴും, അല്ലെങ്കില്‍ കാക്ക കാഷ്ടിക്കും എന്നൊക്കെ പറഞ്ഞുകൊടുക്കുമ്പോള്‍ ഒരിക്കലും മറക്കാത്ത ജീവിതസത്യങ്ങളാണ് അവന്‍റെ/അവളുടെ ഉപബോധമനസ്സില്‍ കുറിക്കപ്പെടുന്നത്. ഈ കഥകളുടെ യുക്തി ചോദ്യം ചെയ്യപ്പെടാതിരിക്കുവാനും ഇവിടെ നമുക്ക് പ്രതിരോധമുണ്ട്: കഥയില്‍ ചോദ്യമില്ല! യുക്തിയുടെ അളവുകോല്‍ കൊണ്ട് ഈ മിത്തുകളുടെ ആധികാരികത തിട്ടപ്പെടുത്തുവാന്‍ പോയാല്‍ എങ്ങനെയിരിക്കും?ڔനൂറു കുട്ടികളെ തിരഞ്ഞെടുത്ത് 50 വീതം തിരിച്ച് ഒരു കൂട്ടത്തോട് നുണയും മറ്റൊരു കൂട്ടരോട് സത്യവും പറഞ്ഞതിനുശേഷം മൈതാനത്ത് കളിക്കുവാന്‍ വിടുക. സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുക, ആരുടെയൊക്കെ തലയിലാണ് കാക്ക കാഷ്ടിച്ചത്, ആരുടെ തലയിലാണ് തേങ്ങ വീണത്. എന്നിട്ട് ഒരു ഗവേഷണപ്രബന്ധം അവതരിപ്പിച്ച് നമുക്ക് ഒരു ഡിഗ്രി സമ്പാദിക്കാം, ഒരു സിദ്ധാന്തവും രൂപപ്പെടുത്താം; ഈ മിത്തുകള്‍ യുക്തിസഹമാണോ അതോ കള്ളത്തരങ്ങളാണോ എന്ന്. ഇവിടെയാണ് സ്ഥിതിവിവരക്കണക്കുകള്‍ വിവരക്കേടുകളാകുന്നത്.
യുക്തിചിന്തയുടെ ഭ്രൂണം യവന(ഗ്രീക്ക്)ദര്‍ശനമാണ്. അവ വസ്തുനിഷ്ടമാണ്, അളന്ന് തിട്ടപ്പെടുത്താവുന്നതാണ്, പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഗ്രഹിക്കാവുന്നതാണ്. എന്നാല്‍ കഥകള്‍ തികച്ചും നുണകളും, അതിഭാവുകത്വം നിറഞ്ഞതുമാണ്.ڔആമയും മുയലും തമ്മിലുള്ള ഓട്ടമത്സരം തന്നെ ഉദാഹരണം. അത് ഒരിക്കലും സംഭവിച്ചിട്ടുള്ളതല്ല ഇനിയൊട്ട് സംഭവിക്കുകയുമില്ല. മണ്ണാംകട്ടയും കരിയിലയും കാശിക്ക് തീര്‍ത്ഥാടനം പോയത്, മാവേലിയെ ചവുട്ടിത്താഴ്ത്തിയത്, ഇവ ഒന്നും തന്നെ ചരിത്രപരമായ വസ്തുതകളോ യുക്തിസഹമോ അല്ലെന്ന്ڔഎല്ലാവര്‍ക്കും അറിയാം. എന്താണ് മിത്ത്? യാഥാര്‍ത്ഥ്യത്തെ കണ്ടെത്തുവാനുള്ള അന്വേഷണത്തിന്‍റെ ഉത്തരങ്ങളാണ് മിത്തുകള്‍. ഉത്തരങ്ങള്‍ കണ്ടെത്തുമ്പോഴും ജ്ഞാനം മനുഷ്യപരിമിതിക്കപ്പുറമാണെന്ന തിരിച്ചറിവും അവ അംഗീകരിക്കുന്നു. അതുകൊണ്ടാണ് സത്യത്തിന്‍റെ, വെളിച്ചത്തിന്‍റെ, ജീവന്‍റെ അന്വേഷകരാണ് മനുഷ്യര്‍ എന്ന് മിത്തുകള്‍ നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ മിത്തില്‍ ജീവിക്കുന്ന ഒരു സമൂഹത്തിന് അവരെ സജീവമാക്കി നിലനിര്‍ത്തുന്ന മിത്തുകള്‍ ഒരിക്കലും കെട്ടുകഥകളല്ല, അതിന്‍റെ അനുഭവത്തില്‍ ജീവിക്കുന്ന സമൂഹങ്ങള്‍ക്ക് അവ എപ്പോഴും യാഥാര്‍ത്ഥ്യം തന്നെയാണ്. ആ കഥകളുടെ വാച്യാര്‍ത്ഥങ്ങളല്ല, അവ നല്‍കുന്ന അനുഭവങ്ങളും അവയില്‍ നിന്ന് ഉരുത്തിരിയുന്ന ജീവിതമൂല്യങ്ങളൂം ആണ് അവരുടെ ജീവിത സത്യങ്ങള്‍ക്ക് അടിത്തറ പാകിയത്.
ഊര്‍ജ്ജതന്ത്ര ശാസ്ത്രകാരനും പരിസ്ഥിതി ദാര്‍ശനികനുമായ ഫ്രിജോഫ് കാപ്രായുടെ അഭിപ്രായത്തില്‍ ആധുനികയുക്തിയുടെ സവിശേഷതകള്‍ താഴെപ്പറയുന്നവയാണ്. പ്രപഞ്ചം വിവിധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കപ്പെട്ടതാണ്. മനുഷ്യശരീരവും അപ്രകാരം തന്നെ യന്ത്രസമാനമായി നിര്‍മ്മിക്കപ്പെട്ട ഒരു വസ്തുവാണ്. സമൂഹം മുന്നോട്ട് നയിക്കപ്പെടുന്നത് അതിജീവനത്തിനുള്ള മത്സരത്തിലൂടെയാണ്. കൂടാതെ മനുഷ്യ സമൂഹത്തിന് അനന്തമായ വികസനം സാധ്യമാണ്. സ്ത്രീകള്‍ എവിടേയും പുരുഷന്മാരുടെ കീഴില്‍ പ്രവര്‍ത്തിക്കേണ്ടവരാണ്. ചുരുക്കത്തില്‍ പ്രപഞ്ചവും അതിലെ ഘടകങ്ങളും വില്പ്പന ചരക്കുകളാക്കി, വിശകലനത്തിനും അപനിര്‍മ്മാണത്തിനും ഉള്ള വസ്തുക്കളാക്കി മാറ്റി. ഇവയെല്ലാം തന്നെ ആത്യന്തികമായി ജൈവസമൂഹത്തിന്‍റെ നിലനില്പ്പിന് അപകടകരമാണെന്ന് കാപ്ര വിലയിരുത്തുന്നു.
അതിനാല്‍ മിത്തുകള്‍ എങ്ങനെയാണ് ഒരു സമൂഹത്തെ ലക്ഷ്യബോധത്തോടെ നിര്‍മ്മിച്ചതെന്നും പ്രകൃതിവിഭവങ്ങളെ അനന്തതലമുറകള്‍ക്ക് വേണ്ടി സൂക്ഷിക്കുവാന്‍ ഒരു ജനതയെ സജ്ജമാക്കി ഒരു ആത്മീയതയുള്ള സംസ്കൃതിയില്‍ നിലനിര്‍ത്തിയതെന്നുംڔഅന്വേഷിക്കേണ്ടിയിരിക്കുന്നു. മിത്തുകളിലൂടെ തലമുറകള്‍ക്ക് കൈമാറിയ മൂല്യങ്ങള്‍ കാലാതീതങ്ങളാണ്, അവ സാമാന്യജനതയുടെ സ്വത്താണ്, സനാതനസത്യങ്ങളാണ്. ഇവ എത്ര തലമുറകള്‍ കൈമാറിയാലും ഒരിക്കലും വിസ്മൃതിയിലാകുന്നില്ല. ഇവ തലമുറകളിലേക്ക് കൈമാറുവാന്‍ സംഘടിത സമൂഹ്യ ഘടനകളോ എഴുതപ്പെട്ട വിശുദ്ധഗ്രന്ഥങ്ങളോ ആവശ്യമില്ല. മറുഭാഗത്ത്, യുക്തിയിലധിഷ്ഠിതമായ ആധുനികത മാനവരാശിയെ എപ്രകാരം വ്യക്തികേന്ദ്രീകൃത സ്വാര്‍ത്ഥരാക്കിയെന്നും ഭൂപ്രകൃതിയെ മലിനമാക്കി എങ്ങനെ നശിപ്പിച്ചെന്നും ജൈവസമൂഹത്തെ എങ്ങനെ അപനിര്‍മ്മിച്ചെന്നും തിരിച്ചറിയേണ്ടതുണ്ട്. സമൂഹത്തിന്‍റെ പൊതുമനഃസാക്ഷിയില്‍ എത്ര ആഴത്തിലുള്ള മുദ്രകളാണ് മിത്തുകള്‍ പതിപ്പിച്ചതെന്ന് അളന്ന് തിട്ടപ്പെടുത്താന്‍ കഴിയുന്നതല്ല. എന്നാല്‍, യുക്തി മറുവശത്ത് നൈമിഷികവും നിരന്തരം മാറ്റത്തിന് വിധേയവുമാണ്. ഇവ മനുഷ്യബുദ്ധിയുടെ പരിമിതികള്‍ക്കകത്താണ് നിലനില്ക്കുന്നത്. എന്നാല്‍ അതേ യുക്തി തന്നെ അതിന്‍റെ പരിമിതികളെ അംഗീകരിക്കുവാന്‍ വിമുഖത കാണിക്കുന്നുമുണ്ട്. കാരണം മനുഷ്യകണ്ടെത്തലുകള്‍ڔപഞ്ചേന്ദ്രിയങ്ങളുടെ പരീക്ഷണ-നിരീക്ഷണ പരിമിതികള്‍ക്കകത്താണ്. ഇവ അറിവും അധികാരവും സമ്പത്തും വര്‍ദ്ധിപ്പിക്കുവാന്‍ ഉപയുക്തമാണെങ്കിലും ഉപബോധമനസ്സിലും സമൂഹമനഃസാക്ഷിയിലും സനാതനമൂല്യങ്ങള്‍ ഉറപ്പിക്കുവാന്‍ അപര്യാപ്തമാണ്. ഈ സങ്കീര്‍ണ്ണമായ അറിവുകള്‍ നേടിയെടുക്കുക വരേണ്യവര്‍ഗ്ഗത്തിനു മാത്രം സാധ്യമായ ഒന്നാണ്. എന്നാല്‍ മിത്തുകള്‍ പൊതുസമൂഹത്തിന്‍റെ സ്വത്തും അവ സ്വായത്തമാക്കുക തികച്ചും ലളിതവുമാണ്.
ഭാരതീയ സമൂഹത്തെയും പ്രകൃതിവിഭവങ്ങളെയും സഹസ്രാബ്ദങ്ങള്‍ സംരക്ഷിച്ച് നിലനിര്‍ത്തിയ ഒരു സംസ്കൃതി ഇവിടെ ഉണ്ട്. ലോകമാനവികതയുടെ ഉദാത്തമൂല്യങ്ങള്‍ ഈ കഥകളിലൂടെയാണ് ലോകജനതക്ക് സംഭാവന ചെയ്തത്. ഒരു സംസ്കൃതി ഒരു ദേശത്തെ മരുഭൂമിയാക്കാതെ സഹസ്രാബ്ദങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് ഭാരതം മാത്രമാണ്. മറ്റ് സംസ്കാരങ്ങളെല്ലാം അങ്ങേയറ്റം ഒരു ദേശത്ത് 1000 മുതല്‍ 1700 വര്‍ഷത്തിലധികം അതിജീവിച്ചിട്ടില്ല. അതിനോടകം സംസ്കാരം നാഗരികതയായി പരിണമിച്ച് (വികസനം!) മരുഭൂമിയായി ദേശം നശിച്ചിട്ടുണ്ടാകും. പിന്നീട് ആ ജനത ഒന്നുകില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി മറ്റൊരു പച്ചപ്പുള്ള സ്ഥലത്തേക്ക് മാറും, അല്ലെങ്കില്‍ അവിടെ തന്നെ നശിച്ച് മണ്ണടിയും. നിലവിലുള്ള എല്ലാ മരുഭൂമികളുടേയും ഭൂതകാലകഥ ഇതുതന്നെയാണ്. നാഗരിക മനുഷ്യന്‍ സഞ്ചരിച്ച ഇടങ്ങളിലെല്ലാം അവര്‍ തന്‍റെ പാദമുദ്ര മരുഭൂമിയായി പതിപ്പിച്ചിട്ടാണ് കടന്നുപോയത്. ഇവിടെ ഇത് സഹസ്രാബ്ദങ്ങള്‍ അതിജീവിച്ചിട്ടുണ്ടെങ്കില്‍ അത് മിത്തുകളുടെ കരുത്തിലാണ്. അതുകൊണ്ടുതന്നെ ഭാരതീയര്‍ക്ക് മറ്റൊരിടം കീഴ്പ്പെടുത്തി വിഭവങ്ങള്‍ ശേഖരിക്കയോ, ഏതെങ്കിലും ജനതയെ അടിമകളാക്കിڔചൂഷണം ചെയ്യുകയോ വേണ്ടി വന്നിട്ടില്ല. നന്മയുടേയും നിലനില്‍പ്പിന്‍റേയും അതിജീവനത്തിന്‍റേയും മൂല്യങ്ങള്‍ അനന്തതലമുറകളിലേക്ക് അതിന്‍റെ തനിമയും കരുത്തും ചോരാതെ പകര്‍ന്നുനല്‍കുവാന്‍ മിത്തിനു മാത്രമേ സാധിക്കു.ڔഇവിടെയാണ് ആധുനികതയും, അതിന്‍റെ സന്തതിയായ ശാസ്ത്രസാങ്കേതികവിദ്യയും വികസനവും അതിനുപയോഗിച്ച ശക്തമായ സങ്കേതമായ ആധുനിക വിദ്യാഭ്യാസവുംڔവിലയിരുത്തപ്പെടേണ്ടത്. മനുഷ്യന്‍റെ കരുത്തിലും ബുദ്ധിയിലും ഉള്ള അമിത ആത്മവിശ്വാസമാണ് ആധുനികڔയുക്തിയുടെ അടിത്തറ.ڔമിത്തുകള്‍ ആരംഭിക്കുന്നത് മനുഷ്യന്‍റെ പരിമിതിയിലും സൃഷ്ടിയുടെ പൂര്‍ണ്ണതയിലുള്ള വിശ്വാസത്തിലുമാണ്.
യുക്തിചിന്ത തലയ്ക്ക് പിടിച്ച കുറച്ചുപേര്‍ പറഞ്ഞു, “ഈ സൃഷ്ടാവിന് യുക്തിബോധമില്ല. നോക്കൂ, വലിയ മരത്തില്‍ ചെറിയ മാങ്ങയും, ചെറിയ വള്ളിയില്‍ വലിയ മത്തങ്ങയും. ഈ വള്ളികള്‍ക്ക് മത്തങ്ങയെ താങ്ങുവാനുള്ള കരുത്ത് എവിടെ?” വാചകമടിച്ച് മാവിന്‍ ചുവട്ടില്‍ കിടന്നുറങ്ങിയപ്പോള്‍ വലിയ കാറ്റ്. മാമ്പഴങ്ങള്‍ ഒന്നൊന്നായി തലയില്‍ വീണപ്പോള്‍ എഴുന്നേറ്റോടി. അപ്പോള്‍ വെളിവു വീണു, മരത്തില്‍ മത്തങ്ങ ആയിരുന്നാലുള്ള അവസ്ഥ. കാര്യം മനസ്സിലായി, സൃഷ്ടാവിന് വിവരമുണ്ട്. സൃഷ്ടിയുടെ അതിസൂക്ഷ്മമായ തലത്തിലും ഇത് സത്യമാണെങ്കിലും ഏതൊരു സാധാരണക്കാരനും മനസ്സില്‍ സൂക്ഷിക്കാവുന്നത്ര ലളിതമല്ലേ ഈ കഥ? ഇവിടെ സാധാരണക്കാരെ നിരക്ഷരകൃമികളാക്കി വിജ്ഞാനത്തില്‍ നിന്നും അകറ്റി നിര്‍ത്തി അറിവിനെ ചൂഷണത്തിനു ഉപകരണമാക്കുകയല്ല, മറിച്ച് അവരെ സനാതനമൂല്യത്തിലേക്ക് ചേര്‍ത്ത് പിടിച്ച് നിര്‍ത്തുകയാണ്. അതുകൊണ്ടാണ്, ജ്ഞാനത്തില്‍ വളരുമ്പോള്‍ ആവശ്യങ്ങള്‍ പരിമിതമാവുകയും ഉപഭോഗം കുറയുകയും ചെയ്യുന്ന ഒരു ആത്മീയത നാം വളര്‍ത്തിയത്. എന്നാല്‍, യുക്തിയുടെ അളവുകോലില്‍ڔഅറിവിലുണ്ടാകുന്ന വര്‍ദ്ധനവ് ആവശ്യങ്ങളിലും വര്‍ദ്ധനവുണ്ടാക്കുകയും, അത് ആര്‍ത്തിയായി പരിണമിക്കയും, അറിവ് വിറ്റ് സമ്പത്താക്കുന്ന അധികാര ഇടനിലക്കാരാവുകയും ചെയ്യുന്ന ദുരന്തമാണ് കാണുന്നത്. ഇവിടെയാണ് പേറ്റന്‍റ് പോലുള്ള സംവിധാനങ്ങളുടെ ആവശ്യം വരുന്നത്. അറിവുകള്‍ അതിന്‍റെ സാങ്കേതികപദങ്ങളിലൂടെയും വിശകലനസങ്കീര്‍ണ്ണതകളിലൂടെയും എന്നും സാധാരണക്കാരന് അന്യമാക്കി നിലനിര്‍ത്തിയതും യുക്തിയുടെ അധികാരപ്രമത്തത കാരണമാണ്. അതായത്, യുക്തി എല്ലായ്പ്പോഴും ഇരകളെ സൃഷ്ടിച്ചുകൊണ്ടിരിക്കും
വിജ്ഞാനത്തിനുവേണ്ടിയുള്ള അന്വേഷണം സൃഷ്ടിയുടെ പൂര്‍ണ്ണതയിലുള്ള വിശ്വാസത്തില്‍ നിന്നും ആരംഭിക്കുമ്പോള്‍ڔഭൂമിയും അതിലെ വിഭവങ്ങളും വികലമാക്കാതെ, വിഷലിപ്തമാക്കാതെ തലമുറകള്‍ക്ക് കൈമാറുവാന്‍ കഴിയുന്നു. ആധുനികയുക്തി സ്വയകേന്ദ്രീകൃത നാഗരികവ്യക്തിത്തങ്ങളെ സൃഷ്ടിച്ചപ്പോള്‍ മിത്തുകള്‍ സൃഷ്ടിച്ചത് ഭൂമികേന്ദ്രീകൃത ജൈവസമൂഹങ്ങളെയാണ്.
പശു അമ്മയാണ്. അമ്മ ശരീരം തന്നവളും ജീവന്‍ പരിപോഷിപ്പിക്കുന്നവളും അന്നം തരുന്നവളുമാണ്. ജീവന്‍ തന്നവനാണ് പിതാവ്. ശരീരം തന്നവള്‍ മാതാവും. ജന്തുവര്‍ഗ്ഗത്തിനുള്ള ഭക്ഷണം നല്‍കുന്നത് ക്ലേദമാണ്. ക്ലേദത്തിന്‍റെ കാര്‍ബണ്‍-നൈട്രജന്‍ അനുപാതം കൃത്യമായി നിലനിര്‍ത്തുന്ന നൈട്രജന്‍ പരിപോഷണ ബാക്ടീരിയകളുടെ ഏക ഉല്പാദനഇടം നാടന്‍ പശുവിന്‍റെ (സങ്കര ഇനം അല്ല) ആമാശയമാണ്. വനമേഖലയില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കൊണ്ട് ക്ലേദം രൂപപ്പെട്ട് തുലനാവസ്ഥയില്‍ നിലനില്‍ക്കുന്നു. എന്നാല്‍ ഗ്രാമങ്ങളിലെ അവസ്ഥ അതല്ല. കൃഷിയിലൂടെ മണ്ണിന് നഷ്ടപ്പെടുന്ന ഈ തുലനാവസ്ഥ നിലനിര്‍ത്തുവാന്‍ മണ്ണിനെ സംരക്ഷിക്കണം. അതുകൊണ്ടാണ് ആടിനെ സംരക്ഷിച്ച സംസ്കൃതികള്‍ മരുഭൂമി നിര്‍മ്മിച്ചതും പശുവിനെ സംരക്ഷിച്ച സംസ്കൃതി ഇപ്പോഴും ഉര്‍വ്വരത നശിക്കാതെ നിലനില്‍ക്കുന്നതും. നാടന്‍ പശുവില്ലെങ്കില്‍ ക്ലേദമില്ല, ക്ലേദമില്ലെങ്കില്‍ ഭക്ഷണമില്ല, ഭക്ഷണമില്ലെങ്കില്‍ മനുഷ്യനും അവരുടെ സംസ്കൃതിയും ഇല്ല.ڔഅതുകൊണ്ടുതന്നെ അന്നം തരുന്ന ശരീരം നിര്‍മ്മിക്കുന്ന ജീവന്‍ പരിപോഷിപ്പിക്കുന്ന ഗോവ് മാതാവുതന്നെയാണ്. ഈ ജ്ഞാനം ആധുനിക യുക്തിക്ക് ഒരിക്കലും വഴങ്ങില്ല. ഇത് വര്‍ഗ്ഗീയവത്ക്കരിക്കപ്പെടേണ്ടതല്ല, അന്ധവിശ്വാസവും പ്രാകൃതവുമല്ല, അതിജീവനത്തിന്‍റെ മന്ത്രമാണ്.
ആധുനികയുക്തിയിലധിഷ്ഠിതമായ കൃഷിവിജ്ഞാനീയം എങ്ങനെ മണ്ണും വായുവും ജലവും നശിപ്പിച്ചെന്നും മനുഷ്യന്‍ എങ്ങനെ രോഗാതുരമായെന്നും ഈ കാലഘട്ടത്തിന്‍റെ നേര്‍ക്കാഴ്ച നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കാവു തീണ്ടിയാല്‍ കുലം നശിക്കും. ഒരു ഗ്രാമത്തിന്‍റെ ശ്വാസകോശവും കരളുമാണ് സര്‍പ്പക്കാവ്. നാഴികകള്‍ക്കപ്പുറത്തുള്ള വിഷം സംഭരിച്ച് സുരക്ഷിതമായി സ്വന്തശരീരത്തില്‍ സൂക്ഷിക്കുവാന്‍ സര്‍പ്പങ്ങള്‍ക്ക് കഴിയും. അതിലൂടെ ജീവസംരക്ഷണമാണ് അവയുടെ ജീവിതനിയോഗം. അവയെ കൊന്നാല്‍ അത് തിരികെ ഭൂമിയില്‍ മണ്ണില്‍ എത്തുന്നു. നാല്പ്പാല്‍ മരങ്ങള്‍ മണ്ണിലെ വിഷം സ്വരൂപിച്ച് സ്വന്തശരീരത്തില്‍ സൂക്ഷിക്കും.ڔകാഞ്ഞിരവും മുരിങ്ങയും മണ്ണിലെ കയ്പ്പും വിഷവും വലിച്ചെടുക്കുമ്പോള്‍ മണ്ണ് ശുദ്ധവും വെള്ളം മധുരവുമായി മാറുന്നു. ഇങ്ങനെയാണ് നാല്പ്പാല്‍ മരങ്ങള്‍ നില്‍ക്കുന്ന പുരയിടങ്ങള്‍ വീടിന് ഐശ്വര്യം കൊണ്ടുവരുന്നത്. ഇത് എങ്ങനെ അന്ധവിശ്വാസമാവും? വീടിന്‍റെ തെക്കുഭാഗത്തുനില്‍ക്കുന്ന പുളിമരം വെട്ടിയാല്‍ കാരണവര്‍ മരിക്കും എന്ന് തലമുറകളെ പഠിപ്പിച്ചാല്‍ ഏത് കാരണവര്‍ പുളിമരം വെട്ടിക്കളയാന്‍ സമ്മതിക്കും? നവംബര്‍ ഡിസംബര്‍ മാസങ്ങളിലെ സൂര്യന്‍റെ അതികഠിനമായ ചൂടും തെക്കന്‍ചായ്വിലൂടെ വരുന്ന അള്‍ട്രാവയലറ്റ് രശ്മികളും പുളിരസം ആഗിരണം ചെയ്യുമ്പോള്‍ അത് വീടിന് ഒരു സംരക്ഷണ കവചമാണ്. ആ സത്യം മിത്തിലൂടെ പങ്കുവച്ചു, അത് തലമുറകള്‍ സൂക്ഷിച്ചു. സി. ബി. എസ്. സി. വിദ്യാഭ്യാസം നേടി കൊച്ചുമകന് ലക്ഷങ്ങളുടെ വരുമാനമായപ്പോള്‍ കാരണവര്‍ പുറത്ത്, പുളിമരം വെറും ഉരുപ്പടി, അതിന്‍റെ മൂല്യം പറഞ്ഞവര്‍ പ്രാകൃതരും പഴഞ്ചന്മാരും. പുരോഗമന വാദികള്‍ പുളി വെട്ടി ഇരുനിലയുടെ മുകളില്‍ വീണ്ടും മേല്ക്കൂര പണിതു, മുറ്റം കോണ്‍ക്രീറ്റ് സ്ലാബുകളാക്കി.
ശരീരത്തില്‍ കടന്നുകൂടുന്ന വിഷത്തെ നിര്‍വ്വീര്യമാക്കുവാന്‍ ശേഷിയുള്ള കൂവളം ശിവക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ് സംരക്ഷിക്കപ്പെടുന്നത്. കാളകൂടവിഷത്തെ നിര്‍വ്വീര്യമാക്കുവാന്‍ ബ്രഹ്മാവ് സൃഷ്ടിച്ച് ശിവന് നല്കിയതാണ് കൂവളം എന്ന് മിത്ത് പറയുമ്പോള്‍ അത് ഒന്ന് കൂടി ഓര്‍മ്മപ്പെടുത്തുന്നുണ്ട് -കൂവളം നശിച്ചാല്‍ കുടുംബം നശിക്കും. ഇത് കൂവളത്തിന്‍റെ സംരക്ഷണത്തില്‍ അതീവശ്രദ്ധ നല്‍കുവാന്‍ ഓരോ കുടുംബത്തേയും നിര്‍ബന്ധിക്കുന്നു. തുളസിത്തറ പേന്‍ അടക്കമുള്ള കീടങ്ങളേയും പാമ്പുകളേയും അകറ്റിനിര്‍ത്തുന്നതാണ്, ഓസോണ്‍ ഉല്പാദിപ്പിക്കുന്ന ഏക സസ്യവുമാണ്. അത് നശിപ്പിക്കരുതെന്നും ദിവ്യമാണെന്നും പഠിപ്പിക്കുന്നത് കെട്ടുകഥയല്ല, പ്രാകൃതമല്ല, ജീവന്‍ സംരക്ഷിക്കുന്ന മിത്താണ്, സനാതനസത്യമാണ്.
എന്തുകൊണ്ട് ചിതയുണ്ടാക്കാന്‍ ആല്‍മരം അനുവദനീയമല്ല? ആല്‍മരത്തിന്‍റെ സംഭാവന ദൃശ്യമല്ല, പരോക്ഷമാണ്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആല്‍മരം മണിക്കൂറില്‍ ഏകദേശം 900 കിലോഗ്രാം ജീവവായു പുറത്തുവിടുന്നുണ്ട് എന്ന് കണക്കാക്കുന്നു. ഇവ ചിതക്ക് ഉപയോഗിച്ചാല്‍ڔഒരു തലമുറകൊണ്ട് ദേശത്ത് ആല്‍മരങ്ങള്‍ മുഴുവനും അപ്രത്യക്ഷമാകൂം.ڔആരൂം ഇത് ബോധപൂര്‍വ്വം നട്ടുപിടിപ്പിക്കയുമില്ല. എന്നാല്‍ മാവിന്‍റെ സംഭാവന ദൃശ്യമാണ്, പ്രത്യക്ഷമാണ്. അതിനാല്‍ തന്നെ അത് വെട്ടിയാലും ഓരോ ഭവനവും അത് വീണ്ടും നട്ടുപിടിപ്പിക്കും. അതിനാല്‍ ഓരോ വ്യക്തിക്കും ഓരോ മാവിന്മരം, ആയുസ്സുമുഴുവനു ഫലം ലഭ്യവും. അതിനാല്‍ ഈ മിത്തും പ്രകൃതിയോടുള്ള അതിന്‍റെ സംരക്ഷണബോധം കൊണ്ട് നിത്യസത്യമായി നിലകൊള്ളുന്നു.
തീരദേശവാസികളുടെ മിത്തില്‍ മലമുകളില്‍ നിന്നും പെങ്ങള്‍ ആങ്ങളച്ചെറുക്കനെ കാണാന്‍ ചെല്ലുന്നതാണ് പുഴയുടെ സമുദ്രത്തിലേക്കുള്ള ഒഴുക്ക്. ഈ സന്ദര്‍ശനത്തെ ഡാമുകള്‍ കെട്ടി നാം തടഞ്ഞപ്പോള്‍ ആങ്ങളച്ചെറുക്കന്‍ പെങ്ങളെ കാണാന്‍ ഇങ്ങോട്ട് വരികയാണ്. കിണറുകളില്‍ ഉപ്പുവെള്ളമായി, കര കടലെടുത്തു. കണ്ടല്‍ക്കാടുകള്‍ ടൂറിസം വികസനത്തിന്‍റെ പേരില്‍ നശിപ്പിച്ചപ്പോള്‍ സുനാമിയെ തടയുവാന്‍ സൃഷ്ടി ഒരുക്കിയ വന്‍മതില്‍ ഇല്ലാതെയായി. ഉപ്പുവെള്ളത്തെ തീരത്തുനിന്നും ദൂരെ മാറ്റിനിര്‍ത്തിയത് നദിയുടെ ഒഴുക്കായിയുന്നുവെങ്കില്‍ ഉപ്പുവെള്ളത്തെ ശുദ്ധീകരിച്ച് ഭൂമിക്ക് നല്‍കുന്ന ആദ്യത്തെ സങ്കേതമാണ് കണ്ടല്‍വനം. ഉപ്പുവെള്ളത്തില്‍ ജീവിക്കയും ശുദ്ധജലത്തില്‍ മുട്ടവിരിയിക്കയും ചെയ്യുന്ന മത്സ്യങ്ങള്‍ ഈ ആങ്ങള-പെങ്ങള്‍ ബന്ധത്തിന്‍റെ സൂക്ഷ്മതലമാണ് തെളിയിക്കുന്നത്.
അയ്യപ്പന്‍ കാടിന്‍റെ പ്രതീകമാണ്. അയ്യപ്പന്‍ പുലിയുടെ പുറത്താണ് വരുന്നത്. പുലിയില്ലെങ്കില്‍ കാടില്ലെന്നുള്ള യാഥാര്‍ത്ഥ്യമാണ് ഈ ശബരിമല ഗോത്രവര്‍ഗ്ഗ ഉത്സവത്തിന്‍റെ പൊരുള്‍. കാടിന്‍റെ സംരക്ഷണത്തിനുള്ള മിത്തുകളാണ് മലദൈവങ്ങളുടെ വിശ്വാസങ്ങളെല്ലാം തന്നെ. ആധുനിക യുക്തിക്ക് അവ പ്രാകൃതവും അപരിഷ്കൃതവുമാണെങ്കില്‍ സംഘടിതമതങ്ങള്‍ക്ക് അവ ജനതയെ ആത്മീയമായും സാമ്പത്തികമായും ചൂഷണം ചെയ്യുവാനുള്ള ഉപകരണങ്ങള്‍ മാത്രം. അതിന് അവര്‍ ചട്ടങ്ങളും പ്രമാണങ്ങളും നിര്‍മ്മിച്ച് ജനതയെ വഴിതെറ്റിക്കുന്നു.
മണ്ണാംകട്ടയുടേയും കരിയിലയുടേയും കഥ അമ്മൂമ്മ കുഞ്ഞുമക്കള്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ അതിജീവനത്തിന്‍റെ ഒരു സനാതന മൂല്യമാണ് വളരെ ലളിതമായി തലമുറകളിലേക്ക് കൈമാറുന്നത്. നിനക്ക് ഞാന്‍ തുണ, എനിക്ക് നീ തുണ. എനിക്ക് നിന്നെയും നിനക്ക് എന്നെയും തുണക്കുവാന്‍ കഴിയാതെ വന്നാല്‍ ജീവിതയാത്ര ദുരന്തത്തില്‍ അവസാനിക്കും എന്ന നിത്യസത്യം. ഇത് എങ്ങനെ പരീക്ഷണ-നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി വസ്തുനിഷ്ടമായ ഗവേഷണം നടത്തി തെളിയിക്കുവാനാകും?
ആധുനികതയുടെ യുക്തി വളര്‍ത്തുന്ന വ്യക്തിസ്വാതന്ത്ര്യം, സ്വാര്‍ത്ഥത നട്ടുവളര്‍ത്തുന്ന ആധുനിക വിദ്യാഭ്യാസം കുടുംബബന്ധങ്ങളെപ്പോലും കമ്പോളത്തിലെ വില്‍പ്പനകരാറുകളാക്കി അധഃപതിപ്പിക്കുമ്പോള്‍ കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്ന കാഴ്ചയാണ് മുന്നില്‍ ഉള്ളത്. സി. ബി. എസ്. സി. സിലബസ് ഭാരതത്തിന് നല്കിയ ഏറ്റവും വലിയ സംഭാവനയാണ് വിവഹമോചനം മൂലം തകരുന്ന കുടുംബങ്ങള്‍. മാര്‍ക്കും റാങ്കും തൊഴില്‍ സാധ്യതകളും ഉന്നതജോലിയും പണവും മാത്രം ജീവിതവിജയത്തിന്‍റെ അളവുകോലാകുമ്പോള്‍ ഉണ്ടാവുന്ന ദുരന്തമാണിത്. ജോസഫ് കാമ്പല്‍ എന്ന അമേരിക്കന്‍ ചിന്തകന്‍ പറയുന്നത് ഭാരതത്തിലെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവാഹചടങ്ങുകളിലൂടെ നവദമ്പതികള്‍ ഒന്നായി ഒട്ടിച്ചേര്‍ക്കപ്പെടുകയാണ്. അതാണ് ഇന്ത്യയിലെ കുടുംബബന്ധങ്ങളുടെ ഉറപ്പിന്‍റെ അടിസ്ഥാനം. പടിഞ്ഞാറന്‍ നാടുകളില്‍ യുക്തി മിത്തിനെ മറികടന്നതിന്‍റെ ദുരന്തമായാണ് കാമ്പല്‍ അവിടുത്തെ കുടുംബ ബന്ധങ്ങളിലുള്ള തകര്‍ച്ചകളെ കാണുന്നത്. വിവാഹം ഒരു സാമൂഹ്യകരാര്‍ അല്ല, ആത്മീയ അനുഭവമാണെന്നും ഇവ വ്യക്തികള്‍ തമ്മിലുള്ള കരാറുകള്‍ക്കപ്പുറം കുടുംബങ്ങളൂം സമൂഹവും ഉള്‍പ്പെടുന്ന ജീവചൈതന്യമുള്ള ഒരു വ്യവസ്ഥയണെന്നും ഈ വിവാഹസംബന്ധമായ മിത്തും അതില്‍ നിന്ന് രൂപപ്പെട്ട ചടങ്ങുകളും ഉറപ്പിക്കുന്നു.
ശ്രീബുദ്ധന്‍റേയും ഗാന്ധിജിയുടേയും സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്ന ഏതെങ്കിലും ആധുനിക സര്‍വ്വകലാശാല ഭാരതത്തില്‍ ഉണ്ടോ എന്ന് സംശയമാണ്. ഉണ്ടായിരുന്നുവെങ്കില്‍ 80 ശതമാനം ജനതയെ പട്ടിണിയില്‍ തള്ളിയിട്ട് ഒരു ശതമാനം സഹസ്രകോടി ഡോളറുകളുടെ ഉടമകളാകില്ലായിരുന്നു. ഈ ന്യൂനപക്ഷത്തിന്‍റെ ആര്‍ത്തി ഇല്ലായിരുന്നു എങ്കില്‍ ഇനിവരുന്ന തലമുറകള്‍ക്കവകാശപ്പെട്ട പ്രകൃതിവിഭവങ്ങള്‍ڔചൂഷണം ചെയ്യുന്ന വികസനമാതൃകകള്‍ ഇവിടെ ഉണ്ടാവുകയില്ലായിരുന്നു. ആധുനിക യുക്തി എങ്ങനെ ഒരു രാഷ്ട്രത്തെ, ഒരു ഭൂപ്രദേശത്തെڔ നശിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് നോക്കുക. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചവറ്റുകൊട്ടയില്‍ എറിയപ്പെട്ടതും മാധവ് ഗാഡ്ഗില്‍ അപമാനിക്കപ്പെട്ടതും ഇവിടുത്തെ ജനതയും ഉദ്യോഗസ്ഥപ്രഭുക്കളും രാഷ്ട്രീയ-മതڔനേതാക്കളും ഗാന്ധിയന്‍ സാമ്പത്തികശാസ്ത്രം പഠിക്കാതിരുന്നതിന്‍റെ ഫലമാണ്. നെഹ്രുവും ഗാന്ധിജിയും തമ്മിലുള്ള വ്യത്യാസവും ഇവിടെ ദൃശ്യമാണ്. നെഹ്രു പടിഞ്ഞാറന്‍ യുക്തിയുടെ പുറകെ പോയപ്പോള്‍ ഇവിടെ രൂപപ്പെട്ട പഞ്ചവത്സര പദ്ധതികള്‍ ഒരു വശത്ത് വികസനം കൊണ്ടുവന്നപ്പോഴും 80 ശതമാനം ജനങ്ങളും അതിനു പുറത്ത് ഇരകളാക്കപ്പെടുകയായിരുന്നു, പ്രകൃതിവിഭവങ്ങള്‍ നശിപ്പിക്കപ്പെടുകയായിരുന്നു, മണ്ണും വെള്ളവും വായുവും മലിനമാക്കപ്പെടുകയായിരുന്നു. എന്നാല്‍ ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജിന്‍റെ വികസന-സാമ്പത്തിക നയങ്ങളും വിദ്യാഭ്യാസ രീതികളും മിത്തുകളുടെ അടിത്തറയില്‍ പണിതുയര്‍ത്തുവാനുള്ള ശ്രമമായിരുന്നു. അവ ഘടനാപരമായും ബോധപൂര്‍വ്വവും പാഠ്യപദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടു.
സഹോദരഹത്യ നടത്തിയ കായേന്‍, തുടര്‍ന്ന് നാഗരികതയുടെ സ്ഥാപകരായ അവരുടെ സന്തതിപരമ്പരകള്‍, പ്രതികാരത്തിലും രക്തദാഹത്തിലും ചൂഷണത്തിലും തുടര്‍ന്നڔവംശാവലി എത്തിനിന്നത് വരേണ്യവര്‍ഗ്ഗത്തിലെ പുരുഷന്മാര്‍ മണ്ണിന്‍റെ മക്കളുടെ സ്ത്രീകളെ ഉപയോഗിച്ച് വലിച്ചെറിയുന്ന ദുരന്തത്തിലാണ് (ഉല്പത്തി 4, 5, 6 അദ്ധ്യായങ്ങള്‍). അനന്തരഫലം സാമൂഹ്യവിരുദ്ധരായ ഒരുകൂട്ടംڔവില്ലന്മാരുടെ ജനനം. നോഹയുടെ കാലത്തെ പ്രളയത്തിലൂടെ കായേന്‍റെ മുഴുവന്‍ വംശാവലിയും ഭൂമിയില്‍ നിന്നു ഛേദിക്കപ്പെട്ടതായിڔഉല്പ്പത്തി പുസ്തകത്തിലെ മിത്ത്ڔഅര്‍ത്ഥശങ്കക്കിടനല്‍കാതെ വ്യക്തമാക്കുന്നുണ്ട്. ഇത് നല്കുന്ന സനാതന മൂല്യങ്ങള്‍ എന്താണ്?ڔപ്രതികാരവാഞ്ചയിലൂടെയും രക്തദാഹത്തിലൂടെയും മുന്നോട്ടുപോകുന്ന നാഗരിക തലമുറകള്‍, സ്ത്രീത്വത്തിനെ വിലമതിക്കാതെ ഉപഭോഗവസ്തുക്കള്‍ ആക്കുന്ന സമൂഹങ്ങള്‍ ഭൂമിയില്‍ നിന്നും അദൃശ്യമാക്കപ്പെടുമെന്ന ശാശ്വതപ്രകൃതിനിയമമാണ് ഇവിടെ വെളിവാക്കപ്പെടുന്നത്.
സോദോം ഗോമോറ നല്‍കുന്ന മുന്നറിയിപ്പും വ്യത്യസ്തമല്ല. ലോത്തിനെ ആകര്‍ഷിച്ച നാഗരികജീവിതം തിന്മയുടെ കൂടാരത്തിലേക്കാണ് ലോത്തിനെ എത്തിച്ചത്. ഒരിടത്ത് പ്രളയമെങ്കില്‍ മറ്റിടത്ത് കത്തുന്ന ചൂട്. നാഗരികത പൈശാചികമെന്ന ഗാന്ധിജിയുടെ നിരീക്ഷണവും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഫറവോന്‍റെ കാലത്തെ പത്ത് ബാധകളും മനുഷ്യനിര്‍മ്മിതമായ പരിസ്ഥിതിദുരന്തങ്ങളാണ്. ജലനാശവും കീടബാധയും ഒച്ചും പേനും പേമാരിയും ഡെങ്ക്യുവും ചിക്കന്‍ ഗുനിയായും നിപ്പയും എല്ലാം ഇന്നും തുടരുന്ന ബാധകളും പ്രകൃതി തരുന്ന മുന്നറിയിപ്പുകളുമാണ്. നമ്മള്‍ എന്നിട്ടും ഹൃദയം കഠിനമാക്കിക്കൊണ്ടിരുന്നു. നീതീകരണത്തിന് നമുക്ക് ആധുനികയുക്തിയുടെ പിന്തുണയുണ്ടായിരുന്നു. അതിനിടയില്‍ നീതിബോധം നഷ്ടപ്പെട്ടു, മിത്തിന്‍റെ കരുത്ത് നഷ്ടപ്പെടുത്തിയതിലൂടെ. മരണം കടന്നുവരാത്ത ഒരുവീടും ശേഷിക്കാത്ത കാലം വരെ നാം കാത്തിരിക്കണോ തിരുത്തലുകള്‍ക്ക്? കാന്‍സറും കരള്‍-വൃക്കതകരാറുകളും ഏതാണ്ട് നമ്മെ അതിനടുത്ത് എത്തിച്ചിരിക്കുന്നു. എല്ലാം നാഗരികത വരുത്തിവച്ച ദുരന്തങ്ങള്‍. കേരളത്തിന്‍റെ പരിസ്ഥിതിബോധം 30 മൈക്രോണ്‍ പ്ലാസ്റ്റിക്കില്‍ കുടുങ്ങി കിടക്കുകയാണ് ഇപ്പോഴും.
ആധുനിക ജീവശാസ്ത്രം മാനവികതക്ക് നല്‍കിയ സംഭാവന എന്താണ്. ജീവനെ ആദരിക്കുന്നതിനു പകരം അതിനെ ദുരുപയോഗം ചെയ്യുകയും അതിലൂടെ ജനകോടികളെ കൊള്ളയടിക്കയുമല്ലേ ആത്യന്തികമായി നടക്കുന്നത്. മോണ്‍സാന്‍റോ കമ്പനിയുടെ വളര്‍ച്ചയും ജനിതകപരീക്ഷണങ്ങളും ഉദാഹരണം. ആധുനിക രസതന്ത്രം ഈ ഭൂമണ്ഡലത്തിലെ ജീവന്‍റെ നിലനില്പ്പ് തന്നെ അപകടത്തിലാകും വിധം രാസമാലിന്യങ്ങളാല്‍ വിഷലിപ്തമാക്കിക്കഴിഞ്ഞു. മിത്തുകളുടെ ലോകത്ത് സമുദ്രം ദേവിയാണ്. യുക്തിയുടെ ലോകത്ത് അത് ചവറ്റുകൊട്ടയാണ്. അങ്ങനെ തന്നെയാണ് സ്കൂള്‍ പാഠപുസ്തകത്തില്‍ ഞങ്ങളെ പഠിപ്പിച്ചത്. ആധുനിക ഊര്‍ജ്ജതന്ത്രത്തിന്‍റെ സംഭാവന എന്താണ്. 4 ലക്ഷത്തിലധികം ശാസ്ത്രകാരന്മാരാണ് ഓരോ മിനുറ്റിലും മനുഷ്യനെ കൊല്ലുവാനുള്ള യുദ്ധോപകരണങ്ങളുടെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആധുനിക കൃഷി വിജ്ഞാനീയം മണ്ണിനെ മലിനമാക്കിയത് കൂടാതെ കര്‍ഷകനെ കടഭാരത്തിന്‍റെ നിലയില്ലാകയത്തിലേക്കാണ് തള്ളിയിട്ടത്.ڔഇതിനോടകം നാലുലക്ഷത്തിലധികം കര്‍ഷകര്‍ ജീവനൊടിക്കി -ഇതാണ് ഹരിതവിപ്ലവത്തിന്‍റെ ബാക്കിപത്രം. ഒരു ജനതയെ മുഴുവന്‍ രോഗികളാക്കി മാറ്റി. കര്‍ഷകനെ ബാങ്കുകളുടെ കുടിയാന്മാരും രാസവള-കീടനാശിനി വ്യവസായികളുടെ അടിമകളുമാക്കി മാറ്റുവാനുള്ള സങ്കേതങ്ങളാണ് കാര്‍ഷികസര്‍വ്വകലാശാലകളില്‍ പരിശീലിപ്പിക്കുന്നത്.ڔആധുനിക വൈദ്യശാസ്ത്രം രക്ഷിച്ചതില്‍ കൂടുതല്‍ ആളുകളെ നിത്യരോഗികളാക്കി മരണത്തിലേക്ക് തള്ളിവിടുകയാണുണ്ടായത്. പാര്‍ശ്വഫലമെന്ന ഓമനപ്പേരുണ്ട്. ഒരു രോഗത്തിന് ചികിത്സിക്കുമ്പോള്‍ നാലിലധികം രോഗം തിരികെ ലഭിക്കുന്ന സംവിധാനം. കൂടാതെ വാക്സിന്‍ എന്ന ജൈവായുധം നമ്മെ തുറിച്ചുനോക്കുന്നു. ആധുനിക മെഡിക്കല്‍ കോളജുകളിലെ പരിശീലനം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഏജന്‍റുമാരെ സൃഷ്ടിക്കുവാനുള്ളതാണ്. വീടുകളിലെ പ്രത്യേകിച്ചും സ്ത്രീകളെ ലക്ഷ്യമാക്കിയുള്ള വീട്ടുപകരണങ്ങള്‍ ഒരു ജീവവംശം എന്ന നിലയില്‍ മനുഷ്യന്‍റെ അതിജീവനത്തിനുള്ള ശേഷി ചോര്‍ത്തിക്കളയുന്നതാണ്. ഇതാണ് ശാസ്ത്ര-സാങ്കേതികവിദ്യയുടെ സംഭാവന. ആധുനിക സാമ്പത്തികശാസ്ത്രം പഠിച്ചവര്‍ കൂടുതല്‍ സ്വാര്‍ത്ഥരും ആര്‍ത്തിയുള്ളവരുമാവുകയാണ്, പാവപ്പെട്ടവനോടും പ്രകൃതിയോടും ഒട്ടും കരുണയില്ലാത്ത ഒരു വിഭാഗത്തെയാണ് കലാശാലകളിലെ സാമ്പത്തിക വിഭാഗം സൃഷ്ടിച്ചത്.
മതമൗലികവാദികളും യാഥാസ്ഥികരും മിത്തുകളെ അപനിര്‍മ്മിച്ച് ചട്ടങ്ങളും പ്രമാണങ്ങളും സൃഷ്ടിച്ച് സംഘടിത മതങ്ങള്‍ രൂപപ്പെടുത്തി. ശ്രീബുദ്ധനും ക്രിസ്തുവും ഈ സംഘടിത മതങ്ങളുടെ പ്രമാണങ്ങളെ മിത്തുകള്‍ കൊണ്ട് നേരിട്ടവരാണ്. രണ്ടുപേരും അവരുടെ കാലത്തെ വരേണ്യവര്‍ഗ്ഗത്തിന്‍റെ ഭാഷ (യഥാക്രമം സംസ്കൃതവും ഹീബ്രുവും) ഉപേക്ഷിച്ച് സാധാരണക്കാരുടെ ഭാഷയിലാണ് മിത്തുകളിലൂടെ ജനതകളോട് സംവദിച്ചത്ڔ(പാലിഭാഷയും അരാമ്യഭാഷയും). മിത്തുകളുടെ ലോകത്ത് നിരക്ഷരനും സാക്ഷരനും ഇല്ല. ജ്ഞാനഗുരുക്കന്മാരും അദ്ധ്വാനിക്കുന്ന ജനതയും മാത്രമാണുള്ളത്. ജ്ഞാനഗുരുക്കന്മാരുടെ ആവശ്യങ്ങള്‍ ഏറ്റവും പരിമിതമായിരുന്നതുകൊണ്ട് ജനതകള്‍ ഒരിക്കലും ചൂഷണത്തിന് വിധേയപ്പെട്ടില്ല. വിജ്ഞാനവും ആവശ്യങ്ങളും വിപരീത അനുപാതത്തിലാണ് മിത്തില്‍. എന്നാല്‍ ആധുനികയുക്തി അതിനെ നേരനുപാതത്തിലാക്കി. അതുകൊണ്ടാണ് ബുദ്ധരാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലത്ത് മാനുഷരെല്ലാരും ഒന്നുപോലെആയത്. കള്ളവും ചതിവുമില്ലാത്ത ലോകം ഉണ്ടായത്. കക്ഷിരാഷ്ട്രീയ നിര്‍മ്മിതമായ കലാപവും പ്രകൃതിദുരന്തങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ രാഷ്ട്രീയതിമിരം ബാധിച്ച മന്ദബുദ്ധികളായി നമ്മുടെ ഭരണകൂടങ്ങള്‍ അധഃപതിച്ചതും സൈന്യത്തെ രക്ഷാപ്രവര്‍ത്തനം ഏല്‍പ്പിക്കാതിരുന്നതും ഈ യുക്തിയുടെ വരട്ടുതത്വങ്ങളില്‍ കുടുങ്ങിക്കിടന്നതുകൊണ്ടാണ്. ഒരു ഹൈന്ദവസംസ്കൃതിയില്‍ രൂപപ്പെട്ടതായതുകൊണ്ടുമാത്രം യോഗയെ എതിര്‍ക്കുന്ന ക്രിസ്തീയമതമൗലികവാദികളോട് ഒന്ന് മാത്രമേ ചോദിക്കാനുള്ളൂ, ക്രിസ്ത്യാനി കണ്ടുപിടിച്ച എക്സ്-റേയും സ്കാനിംഗും ഒരു ഹിന്ദുവിന് ഉപയോഗിക്കാന്‍ പറ്റുമോ?
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് കേരളത്തിലെ സംഘടിത സഭാമതനേതൃത്വവും രാഷ്ട്രീയനേതൃത്വവും എടുത്ത നിലപാടുകളും മാധവ് ഗാഡ്ഗിലിനെ അപമാനിച്ചു വിടുന്നതില്‍ ഇരുകൂട്ടരും ഒത്തുചേര്‍ന്നതും ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. സംഘടിത മതവും ഭരണകൂടവും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണ്. രണ്ടിടത്തും സാമാന്യജനം അവരുടെ അജണ്ടക്ക് പുറത്ത് വെറും കൃമികള്‍ മാത്രവും. ഭരണനേതൃത്വവും മാധ്യമങ്ങളും അധ്യാപക-ഗവേഷകസംഘവും ചേരുന്ന പൈശാചിക ത്രിമൂര്‍ത്തികള്‍ ഒരു വശത്തും, സംഘടിത മതം മറുവശത്തും നിന്ന് രൂപപ്പെടുത്തുന്ന അവിശുദ്ധകൂട്ടുകെട്ട് ഒരു പോലെ സാമാന്യജനത്തെ വഞ്ചിക്കുകയായിരുന്നു, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍റെ യഥാര്‍ത്ഥ ഉള്ളടക്കം അവരില്‍ നിന്നും മറച്ചുവച്ചുകൊണ്ട്.
സമതലപ്രദേശത്തുള്ളവര്‍ ഇനിയെങ്കിലും ഒരു കാര്യം ഓര്‍ത്തിരുന്നാല്‍ കൊള്ളാം: മലദൈവങ്ങളെ കോപിപ്പിക്കരുത്, അവരോട് ഏറ്റുമുട്ടാന്‍ പോകരുത്. മലദൈവങ്ങള്‍ കോപിച്ചാല്‍ സമതലത്തിലുള്ളവരെ അവ വിഴുങ്ങും. അതിനാല്‍ മലദൈവങ്ങളെ അവരുടെ വഴിക്ക് വിടുക, അവയെ ആദരിക്കുക. മലദൈവങ്ങളുടെ കയ്യില്‍ നിന്നും മലകള്‍ തട്ടിപ്പറിക്കാത്ത ഇടങ്ങള്‍ ഇപ്പോഴും സുരക്ഷിതമാണെന്നും പ്രളയക്കെടുതികള്‍ താരതമ്യേന അവിടങ്ങളില്‍ ലഘുവാണെന്നും ഓര്‍ക്കണം. അട്ടപ്പാടിയിലെ വിശപ്പ് മധുവിനെ മോഷ്ടാവാക്കി. അട്ടപ്പാടിയിലെ ആദിവാസിയുടെ വിശപ്പിനോട് നിസംഗത പുലര്‍ത്തിയ നാഗരികനോടുള്ള (നാഗരികന്‍ തന്നെയാണ്, അവരുടെ ആര്‍ത്തിയാണ് അട്ടപ്പാടിയിലെ പട്ടിണിക്ക് കാരണം, എന്നിട്ടുകൂടി) മലദൈവങ്ങളുടെ മുന്നറിയിപ്പ് മധുവിന്‍റെ കണ്ണുനീരായി താഴ്വാരങ്ങളില്‍ ഒലിച്ചിറങ്ങി. ആ കണ്ണുനീരിന്‍റെ ശക്തി തിരിച്ചറിയുവാന്‍ മിത്തുകള്‍ക്ക് മാത്രമേ സാധിക്കൂ, യുക്തിക്ക് സാധിക്കില്ല. ഭക്ഷണം ആരുടേയും സ്വകാര്യസ്വത്തല്ലെന്നും അത് വില്പനചരക്കല്ലെന്നും ഉള്ള ഭാരതീയ മിത്തിന് മാറ്റം വന്നത് അതിനെ വില്പന ചരക്കാക്കി മാറ്റിയ പേര്‍ഷ്യന്‍ കുടിയേറ്റത്തോടുകൂടിയാണ്. പിന്നീട് വന്ന എല്ലാ കോളനിവാഴ്ചക്കാരും ഇതിനെ കൂടുതല്‍ തീവ്രമാക്കി. ഭാരതത്തിലെ പട്ടിണിയും ക്ഷാമവും അങ്ങനെ മനുഷ്യനിര്‍മ്മിതമാണ്.
ആദിവാസി സംഘങ്ങളുടെ ഏതെങ്കിലും മുന്നേറ്റങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്നു എന്ന് കാണുമ്പോള്‍ കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഇറങ്ങി എന്ന് മാധ്യമങ്ങളിലൂടെ ഭീതി പരത്തി ഈ അടിസ്ഥാനവര്‍ഗ്ഗങ്ങളുടെ മുന്നേറ്റങ്ങളേയും അവര്‍ മുന്നോട്ട് വയ്ക്കുന്ന ചിന്തകളേയും തമസ്കരിക്കയും മുളയിലേ നുള്ളിക്കയ്യുകയും ചെയ്യുന്ന ക്രൂരതകാണിച്ച മുഖ്യമന്ത്രിമാര്‍ നമുക്ക് ഉണ്ടായിരുന്നു. ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ ജനമുന്നേറ്റം കാരണം നിര്‍ത്തി വയ്ക്കേണ്ടിവന്നപ്പോഴും കൊച്ചിന്‍ മെട്രോയുടെ നിര്‍മ്മാണം സ്തംഭിപ്പിച്ച് ഇവിടുത്തെ ജനതയെ വഞ്ചിച്ച ഭരണകൂടത്തിന്‍റെ ക്രൂരതയും നമ്മള്‍ കണ്ടു. ഈ വഞ്ചനകളുടെയെല്ലാം ശാപം പെയ്തിറങ്ങി എന്ന് പറയുവാന്‍ മിത്തിനു മാത്രമേ സാധിക്കൂ. കാളി രൗദ്രയാണ് അതേസമയം കരുണാര്‍ദ്രതയുള്ളവളുമാണ്. ഭൂമിയാണ് കാളി. തന്നെ അനുസരിക്കുന്നവരെ സ്നേഹിക്കയും കരുതുകയും ചെയ്യുമ്പോഴും തന്നെ ഉപദ്രവിക്കുന്നവരോട് തികച്ചും രൗദ്രയാണവള്‍. എന്നാലും തെറ്റുകള്‍ തിരുത്തി തിരിച്ചുവരുവാന്‍ തയ്യാറായാല്‍ എല്ലാം ക്ഷമിച്ച് സ്വീകരിക്കുവാനും തയ്യാറാണവള്‍. മിത്തുകളെ അപനിര്‍മ്മിച്ച് വിശ്വാസപ്രമാണങ്ങളും സംഘടിത മതസംഘടനകളും ഉണ്ടാക്കുന്നതിനുപകരം അവയെ പുനര്‍വായനക്ക് വിധേയമാക്കി പുനഃനിര്‍മ്മിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആധുനികയുക്തിയിലധിഷ്ഠിതമായ സമകാലീനവിദ്യാഭ്യാസം അപനിര്‍മ്മാണം നടത്തി മിത്തുകളുടെ പുനഃനിര്‍മ്മിതിയിലൂടെ വിദ്യാഭ്യാസത്തെ ഉടച്ചുവാര്‍ത്തില്ലെങ്കില്‍ ഇനിയും ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
.........റവ. ഡോ. ഏ. സി. തോമസ്, സെറാമ്പൂര്‍ യൂണിവേഴ്സിറ്റി
&
...........എ. സി. ഫിലിപ്പ്,  അഡ്വക്കേറ്റ്,  സുപ്രീം കോർട്ട് ഓഫ് ഇന്ത്യ