Sunday, 23 April 2017

കുരിശു ചുമക്കുന്ന കള്ളന്മാർ 

ക്രിസ്ത്യാനികൾ മഹാഭൂരിപക്ഷവും ഇന്നു വിശ്വസിക്കുന്നത്, കാണുന്ന കുരിശ് എല്ലാം ക്രിസ്തുവിന്റേതാണ്  എന്നാണ്. എന്തൊരു വിരോധാഭാസമാണ് ഇത്???? 
കാൽവറിയിൽ ക്രിസ്തു ക്രൂശിക്കപ്പെട്ടപ്പോൾ കൂടെ ക്രൂശിക്കപ്പെട്ടതു രണ്ടു പെരുങ്കള്ളന്മാർ ആയിരുന്നു. മൂന്നു കുരിശിൽ ഒന്ന് മാത്രമാണ് ക്രിസ്തുവിന്റേത്. മൂന്നിൽ രണ്ടു കുരിശും കള്ളന്മാരുടേതാണ്. അതിനാൽ തന്നെ, കാണുന്ന കുരിശുകൾ എല്ലാം ക്രിസ്തുവിന്റേതാണെന്നു കരുതി പിന്തുടർന്നാൽ, ക്രിസ്ത്യാനി എത്തിപ്പെടുന്നത് സ്വർഗ്ഗത്തിലായിരിക്കില്ല, പിന്നെയോ, കള്ളന്മാരുടെ ഗുഹയിൽ ആയിരിക്കും. 
അതുകൊണ്ടു തന്നെ, ക്രിസ്തു വിശ്വാസികൾ, ആദ്യം തീരുമാനിക്കേണ്ടത്, ക്രിസ്തുവിന്റെ (ത്യാഗത്തിന്റെ) കുരിശിനെ പിൻതുടരണമോ , അതോ, വല്ല പെരുങ്കള്ളനാമാരുടെ കുരിശിനെ പിന്തുടരേണമോ എന്നുള്ളതാണ്.  ഈ തിരിച്ചറിവില്ലാതെ, പൊതുസ്ഥലത്തു കാണുന്ന സകല കുരിശുകളെയും പിന്തുടരാൻ ശ്രമിച്ചാൽ, ഫലം കള്ളന്മാരുടെ പിടിയിൽ അകപ്പെടും എന്നുള്ളത് മാത്രമായിരിക്കും. 

ആയതിനാൽ കുരിശിനെ തിരഞ്ഞെടുക്കുമ്പോൾ വിവേകമുള്ളവരായിരിക്കുവാൻ സൂക്ഷിക്കേണ്ടിയിരിക്കുന്നു. പൊതുമുതൽ അപഹരിക്കുവാനും, അതിനായി മനുഷ്യരെ തമ്മിൽ അടിപ്പിക്കാനും ഉള്ളതല്ല കുരിശു. അതിനായി ശ്രമിക്കുന്ന എല്ലാ പെരുങ്കള്ളന്മാരുടെ കുരിശുകളും പൊളിച്ചെടുക്കേണ്ടിയിരിക്കുന്നു.

ഇത് സത്യമെന്നു തോന്നുന്നുവെങ്കിൽ, സകല മലയാളികളോടും ഇത് share  ചെയ്യുക. 

Sunday, 9 April 2017

മനുഷ്യന്റെ ക്രൂരത


ക്രിസ്തുവിനു മനുഷ്യന്റെ കഴിവുകളെക്കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്നു. അതുപോലെതന്നെ പ്രകൃതിയുടെ ശക്തികളെക്കുറിച്ചും. കാറ്റും കോളും തിരമാലകളും അടിച്ചു ക്ഷോഭിക്കുന്ന കടലിനു നടുവിലും ക്രിസ്തു ശാന്തനായി ഉറങ്ങുന്നു. ഭയപ്പെട്ട ശിഷ്യന്മാർ, ഉറക്കം നഷ്ടപ്പെട്ടു,  അവനെ വിളിച്ചുണർത്തുന്നു.   പക്ഷെ ക്രിസ്തു ശാന്തനാണ്. അവയ്ക്ക് എത്രത്തോളം ക്രൂരമാകുവാൻ കഴിയുമെന്ന് അവനറിയാം.  എന്നാൽ മനുഷ്യന്റെ കയ്യിൽ അകപ്പെടുമെന്നു മനസ്സിലായ നിമിഷം മുതൽ അവൻ അസ്വസ്ഥനാവുന്നു! ഉറക്കം നഷ്ടപ്പെടുന്നു. രാത്രിമുഴുവൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുകയും, ശിഷ്യന്മാരോട് ഉണർന്നിരുന്നു പ്രാർത്ഥിക്കുവാൻ  ആവശ്യപ്പെടുകയും ചെയ്യുന്നു. രണ്ടിന്റെയും അകവും പുറവും അറിയുന്നവനാണ് ക്രിസ്തു.  ഉൾക്കാമ്പുകളെ അറിയുന്നവൻ......രണ്ടിന്റെയും വ്യത്യസ്തതയും ക്രൂരതയും എത്രത്തോളമെന്നു  കൃത്യമായി അവൻ മനസ്സിലാക്കിയിരുന്നു. നമ്മൾ ഇന്നും മനസ്സിലാക്കുന്നില്ല നമ്മൾ എത്രത്തോളം ക്രൂരന്മാരാണെന്നു. ഒരു പിടി മണ്ണിനു വേണ്ടി നമ്മൾ എത്രത്തോളം ക്രൂരന്മാരാവുന്നു!  മറ്റു ജീവികളോടു  നമ്മൾ എത്ര ക്രൂരന്മാരാണ്? നമ്മുടെ അയൽക്കാരോട്, സഹോദരങ്ങളോട്, നമ്മുടെ ശരീരത്തോട് തന്നെ  നമ്മൾ എത്രത്തോളം ക്രൂരത കാണിക്കുന്നു!!!!! അല്പം അധികാരം കയ്യിൽ കിട്ടിയാൽ ബലഹീനനോട് നമ്മൾ കാണിക്കുന്ന ക്രൂരതയ്ക്ക് അതിരുകളുണ്ടോ? നമ്മെ നിത്യതയിൽ അവകാശമാക്കുവാൻ കഴിവുള്ള മണ്ണിനെ താൽക്കാലികമായി അവകാശമാക്കുവാൻ എത്രത്തോളം ക്രൂരതയും ചെയ്യുവാൻ നമ്മൾ മുതിരുന്നു. ഇത് നമ്മളുടെ ക്രൂരതയുടെ ചില ഉദാഹരണങ്ങൾ  മാത്രം.... എത്രത്തോളം നമ്മൾക്ക് ക്രൂരരാകുവാൻ കഴിയുമെന്നത് നമ്മുടെ സങ്കല്പങ്ങൾക്കും അപ്പുറമാണ് !!!!!!!!!!