Tuesday, 27 February 2018

ഭക്ഷണത്തിന്റെ ഉടമസ്ഥർ


"ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല; കൊയ്യുന്നില്ല; കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ പിതാവ് അവയെ പുലർത്തുന്നു".(മത്തായി: 6.26)


മലയാളി എന്ന അഹങ്കാരം ഒരു സാധാരണ മലയാളിയെ ഏതെല്ലാമോ ഉന്മാദത്തിൽ എത്തിച്ചിരിക്കുന്നു. ലോകം മുഴുവൻ പരദേശികളായി കീഴടക്കി നാട്ടിലേക്ക് എത്തിച്ച സമ്പത്തിന്റെ മുകളിൽ കയറിയിരുന്ന്  സഹജീവികളോടും, സഹസമൂഹങ്ങളോടും, സഹോദരങ്ങളോടും,  മാതാപിതാക്കളോടും എല്ലാം സ്വാർത്ഥതയിൽ പണിതുയർത്തിയ ക്രൂരതയോടുകൂടി പെരുമാറുവാൻ ഒരു സാധാരണ മലയാളി പഠിച്ചിരിക്കുന്നു. 'ദയ', 'കരുണ', 'ആർദ്രത' എന്നിവയെല്ലാം സമ്പത്തിന്റെ കുത്തൊഴുക്കിൽ ഒഴുകിപ്പോയി. മണ്ണുകുഴിച്ചെടുത്തു പുറത്തുകൊണ്ടുവന്ന എണ്ണ ഭൂതത്തിൽനിന്നും  ഓഹരി കൈപ്പറ്റി ഗൾഫിൽനിന്നും വികസനവും ആർഭാടവും നാട്ടിലേക്കെത്തിച്ചപ്പോൾ, നാട്ടിലെ കാടും, കാവും, നദിയും, തണ്ണീർത്തടങ്ങളും, പുഞ്ചയും, കിണറും, അമ്പലക്കുളങ്ങളും,ഇടവപ്പാതിയും എല്ലാം ഒരു പഴഞ്ചൻ സമൂഹത്തിന്റെ ബാക്കിപത്രമായി മാത്രം കണക്കാക്കപ്പെട്ടു.  ഗൾഫിൽനിന്നും ഇറങ്ങിയ,  വരൾച്ച മാറ്റുന്ന നിവ്യ മുഖത്ത് പുരട്ടി വിയർത്തു നടക്കുന്നതും, വാരിക്കെട്ടി ഉടുത്താലും നിൽക്കാത്ത പോളിസ്റ്റർ ലുങ്കി ഉടുത്തു ചായക്കടയിൽ പത്രപാരായണത്തിനു പോകുന്നതും സാധാരണ മലയാളിയുടെ സ്വകാര്യ അഹന്തയുടെ തുടക്കം മാത്രമായിരുന്നു. അതിനോട് ചേർന്നു വിദേശങ്ങളിലെ ജീവിത രീതികളും, ഭക്ഷണ ശൈലിയും, സംസ്കാരവും, വേഷങ്ങളും, ഭാഷയും, വേഷംകെട്ടുകളും, എല്ലാം ഒരു കുത്തൊഴുക്കായിത്തന്നെ  മലയാളിക്കരയെ കീഴടക്കി. എന്റെ കുട്ടിക്ക് "മലയാലം അരിയില്ല" എന്ന് പറയുന്നത് മലയാളിയുടെ മുകൾപറഞ്ഞ അഹന്തയുടെ കൂട്ടത്തിലേക്കു എഴുതി ചേർക്കപ്പെട്ടു.
അതിന്റെ അന്ത്യത്തിൽ, നമ്മൾ ഗൾഫിൽനിന്നും മരുഭൂമിയും ഇന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നു. ഇനിയും അധികകാലം ഇല്ലാ ഈ മരുഭൂമിവൽക്കരണം പൂർത്തിയാക്കുവാൻ. സമ്പത്തിന്റെ ഈ കുത്തൊഴുക്കിനുള്ളിൽ ഒരു മനുഷ്യനായി ജീവിക്കുവാൻ നമ്മുടെ സമൂഹം എവിടെയോ മറന്നുപോയി. ലോകം മുഴുവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സ്വന്തം ആക്രാന്തം ശമിപ്പിക്കുവാൻ വേണ്ടി മാത്രമാണെന്ന് അവൻ അവൻറെ  അന്തരംഗത്തിൽ എവിടെയോ ഉറച്ചു വിശ്വസിക്കുന്നു. ഒരു ഉറുമ്പു ചുമന്നുകൊണ്ട് പോകുന്ന അരിയും  എങ്ങനെ എൻറെ  വയറ്റിൽ എത്തിക്കാം എന്നതാണ് ഓരോ മലയാളിയുടെയും ആത്യന്തിക ചിന്ത.  ഭക്ഷണം കഴിക്കുവാനുള്ള അവകാശം "എനിക്ക് മാത്രം" എന്ന സ്വാർത്ഥ ചിന്ത അവൻറെ അന്തരംഗത്തിൽ രൂഢമൂലമായിരിക്കുന്നു. അതിനായി മറ്റു ജീവിവർഗങ്ങളെ  മുഴുവൻ ഉന്മൂല നാശത്തിലേക്ക് നയിക്കുന്നു. കേരളത്തിന് പുറത്തെത്തിയാൽ ജനങ്ങൾ വഴിയോരപ്പട്ടികൾക്ക്  ഭക്ഷണം കൊടുത്തു അവയെയും ജീവിക്കുവാൻ അനുവദിക്കുമ്പോൾ, കേരളത്തിൽ, വഴിയോരപട്ടികളെ കല്ലെറിഞ്ഞു ഓടിക്കുന്നത് ഒരു സാധാരാണ  ദിനചര്യയാണ്. അവന്  ഭക്ഷണത്തിനുള്ള അവകാശം ഇല്ല പോലും!!!  "ഞാൻ" എന്ന അഹങ്കാരി ഭക്ഷിക്കുന്നതിന്പപ്പുറം ആരെന്തു ഭക്ഷിച്ചാലും അതെല്ലാം 'പാഴ്ചിലവു' മാത്രമായി മുദ്ര കുത്തുന്ന ഒരു സമൂഹത്തിൽ കരുണയുടെ കണികകൾ എവിടെ നിന്നും പ്രതീക്ഷിക്കുവാൻ?!! പ്രാവിനെക്കണ്ടാലുള്ള ചിന്ത, എങ്ങനെ പ്രാവിന്റെ ശരീരത്തിലുള്ള ഇറച്ചി സ്വന്തം വയറ്റിലാക്കാം  എന്നുള്ളത് മാത്രമാണ്. മറ്റു സമൂഹങ്ങളിൽ ആകാശത്തിലെ പറവകൾക്കും, മരത്തിലെ അണ്ണാറക്കണ്ണനും, മാളത്തിലെ എലിക്കും വഴിയോരത്തിലെ ശുനകനും  എല്ലാം ഭക്ഷണം ജനങ്ങൾ തന്നെ കൊടുക്കുമ്പോൾ, അതു  കാണുന്ന മലയാളി മാറി നിന്നു  സ്വകാര്യ അഭിമാനത്തോടെ പറയും: "അവരൊക്കെ വിവരം കെട്ടവരാണ്.  എന്തിനാണ് ഇവറ്റകൾക്കൊക്കെ ഭക്ഷണം കൊടുക്കുന്നത്!   മനുഷ്യനു കൊടുത്താൽ പോരേ?” അപ്പോൾ ഭക്ഷണത്തിനുള്ള ഏക അവകാശി  നമ്മുടെ സ്വാർത്ഥ വിചാരങ്ങളിൽ, മനുഷ്യ വർഗ്ഗം മാത്രമായി ചുരുങ്ങുന്നു. വിതയ്ക്കുമ്പോൾ മറ്റു സസ്യ വർഗ്ഗങ്ങളെ  ഒഴിവാക്കുന്ന ആധുനിക സംസ്കാര സമ്പന്നനായ മനുഷ്യൻ കൊയ്തെടുക്കുമ്പോൾ, മറ്റു ജന്തു വർഗ്ഗങ്ങളെയും അന്യവൽക്കരിക്കുന്നു. വിതയ്ക്കാതെയും കൊയ്യാതെയും ജീവിക്കുന്ന ഭൂമി മനുഷ്യർ നാഗരിക മനുഷ്യന്റെ മുൻപിൽ വെറും പാഴ്‌ജീവിതങ്ങളാണ്.  
കാട്ടിൽ ജീവിക്കുന്ന കടുവയുടെയും പുലിയുടേയും  ജീവിത ഇടങ്ങൾ നാഗരിക മനുഷ്യൻ തൻറെ കൃഷിക്കായും, ഭവനത്തിനായും, വ്യവസായത്തിനായും കയ്യേറി. അവന്റെ ഭക്ഷണം അപഹരിച്ചു സ്വന്തം ആർത്തി അടക്കി. അതിനുശേഷം വിശപ്പിനു ഭക്ഷണം തേടി നാട്ടിൽ ഇറങ്ങിയ പുലി കണ്ടെത്തിയത് ഒരു ആടിനെയായിരുന്നു. അതിനെ നാഗരികാർ ചേർന്ന് തിരിച്ചു പിടിച്ചു കുഴിച്ചിട്ടു. വിശന്നു വലഞ്ഞ പുലി, പിന്നീട് കന്നുകാലിയെ പിടികൂടി. ആ പുലിയെ ഭയപ്പെടുത്തി ഓടിച്ച നാഗരിക മനുഷ്യർ ആ പുലിയെ, അതും ഭക്ഷിക്കുവാൻ അനുവദിച്ചില്ല. അതും തിരിച്ചു പിടിച്ചു, പങ്കിട്ടെടുത്തു. വിശന്നു ദാഹിച്ചു നാട്ടിലിറങ്ങിയ പുലിക്ക് പിന്നെ കിട്ടിയത്, ഒരു ചെറിയ കുട്ടിയെയാണ്. ആഴ്ചകളായി  വിശന്നു വലഞ്ഞ പുലിക്ക്   പിന്നെ മറ്റൊന്നും നോക്കുവാനുണ്ടായിരുന്നില്ല. അങ്ങനെ പുലി നരഭോജിയായി. വെടി വെക്കുവാൻ സർക്കാർ ഉത്തരവുമിറങ്ങി. നാഗരിക മനുഷ്യൻ അത് ഒരു ആഘോഷമാക്കിത്തന്നെ മാറ്റി.   
വിശന്നു വലഞ്ഞു, ആടുകളെ ഭക്ഷച്ച പെരുമ്പാമ്പിനെ നാഗരികാർ വാലിൽ പിടിച്ചു കുടഞ്ഞു, ആടിനെ പുറത്തെടുത്തു. പാമ്പിന്റെ വയറ്റിൽ കിടക്കുന്ന ഭക്ഷണവും അവനു അർഹതപ്പെട്ടതല്ല!!!!!!!  അത് പോലും എങ്ങനെയെങ്കിലും അപഹരിച്ചെടുക്കണം എന്ന നാഗരിക ചിന്ത സ്വാർത്ഥതയുടെ മകുടോദാഹരണമാണ്. 
കളപ്പുരയിൽ കൂട്ടി വയ്ക്കുമ്പോൾ, ജീവി വര്ഗങ്ങൾ മാത്രമല്ല, മനുഷ്യരെയും നാഗരിക മനുഷ്യൻ അന്യവൽക്കരിക്കുകയാണ്.  എനിക്ക് വേണ്ടി മാത്രം സൂക്ഷിക്കുന്ന ഭക്ഷണം. അതിന്റെ ചുറ്റളവ്, നിരന്തരമായി കുറഞ്ഞുകൊണ്ടിരിക്കും. അന്യ ജാതിക്കർ, അന്യ മതസ്തർ, അന്യ കുടുംബങ്ങൾ--അവ ചുരുങ്ങി, സഹോദരനെയും മാതാപിതാക്കളെയും അന്യവൽക്കരിക്കുന്നു. ആ വൃത്തത്തിന്റെ വ്യാപ്തി ചുരുങ്ങി ചുരുങ്ങി, അന്യ വ്യക്തികൾ എന്ന നിലയിൽ എത്തുമ്പോൾ ആണ്, സ്വന്തം മാതാപിതാക്കൾ വരെ അന്യവൽക്കരിക്കപ്പെടുകയും, പെരുവഴിയിൽ അല്ലെങ്കിൽ വൃദ്ധ സദനത്തിൽ തള്ളപ്പെടുകയും ചെയ്യുന്നത്. മക്കളെ കരുണയും ദയയും ആകുന്ന മഞ്ഞിൽ നിന്നും  അകറ്റി വളർത്തുന്നതിന്റെ പ്രതിഫലം.  മക്കളെ കരുണയും ദയയും ദാക്ഷിണ്യവും പഠിപ്പിക്കുവാൻ മറന്നു പോയ മാതാപിതാക്കൾ, തങ്ങൾ വിതച്ചത് പത്തും  നൂറും മേനിയായി മക്കളിൽ നിന്നു തന്നെ കൊയ്തെടുക്കുന്നു. ജീവിതത്തിന്റെ ഏക ലക്ഷ്യം  സമ്പത്തു മാത്രമായിപ്പോയി നമുക്ക്. പക്ഷെ ഒരു കാര്യം എവിടെയോ മറന്നു പോയി- സമ്പത്തിനെയും[മാമ്മോൻ] , ജീവനെയും, ഒരുപോലെ സേവിക്കുവാൻ മനുഷ്യന് ആവില്ല. അങ്ങനെ ജീവനെ നമ്മൾ ഉപേക്ഷിച്ചു, രോഗം, പീഡ, മരണം എന്നിവയെ സ്വീകരിക്കുന്നു. 
ഇതിനിടയിൽ, വിശക്കുന്നവന്റെ വേദനയിലും, ദൈന്യതയിലും, സെൽഫിയുടെ അഹങ്കാരം ആനന്ദ നൃത്തം ചവിട്ടി. 'എന്റെ കടക്കാരോട് ഞാൻ ക്ഷമിച്ചതു പോലെ, എന്റെ കടങ്ങളും ദോഷങ്ങളും ക്ഷമിക്കേണമേ" എന്നുള്ള പ്രാർത്ഥന വെറും ഉരുവിടൽ മാത്രമായി. 
"എനിക്ക് വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല;
ഞാൻ നഗ്നനായിരുന്നു, നിങ്ങൾ ഉടുക്കുവാൻ തന്നില്ല!"
ആരാണ് ഈ 'ഞാൻ'?
മത സംഘടനകളുടെ നേതാക്കൾക്ക് കൊട്ടാര സമാനമായ സൗധങ്ങൾ പടുത്തുയർത്തി അതിൽ വസിക്കുവാനായിരുന്നു താല്പര്യം. ഭക്ഷണം മോഷ്ടിച്ചതിന് മധു കൊല ചെയ്യപ്പെട്ടപ്പോൾ അവൻറെ  കണ്ണുകളിൽ കണ്ട ദൈന്യതയും, ശരീരത്തിൽ കണ്ട നഗ്നതയും ദൈവത്തിന്റെ മുഖത്തുള്ള ഭാവം തന്നെയായിരുന്നു. ഒരു പറ്റം  ക്രൂരന്മാർ ആ ദൈന്യതക്ക് മുകളിൽ കയറി ആർഭാടത്തിന്റെയും അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും ശക്തിയുടെയും എല്ലാം നൃത്തം ചേർന്നാടിയപ്പോൾ ആ ശൂന്യ വയറിന്റെ വേദന ആരും അറിയാതെ പോയി. അതുപോലെയുള്ള അനേകം ശൂന്യ വയറുകൾക്കായി സർക്കാർ വർഷാവർഷം വകയിരുത്തുന്ന വൻ തുകകൾ വിഴുങ്ങുന്ന ഇടനിലക്കാർ തടിച്ചു വീർക്കുന്നതു ആരും കാണാറുമില്ല. ആരെങ്കിലും ഈ പകൽകൊള്ളയെ എതിർക്കുവാൻ ശ്രമിച്ചാൽ അവനെ 'നക്സൽ' എന്ന ഒരു വാക്കുകൊണ്ട് ഇല്ലാതാക്കുവാൻ ഈ നാഗരികാനും അവന്റെ സർക്കാരുകൾക്കും, പോലീസിനും നന്നായറിയാം. പക്ഷെ മധുവിന് തന്റെ ഊരിലെ എല്ലാരുടെയും വിശപ്പ് അവന്റെ വിശപ്പ് തന്നെയായിരുന്നു. അതിനാൽ അവൻ എല്ലാവർക്കും വേണ്ടിയാണ് തന്റെ സുരക്ഷ  വെടിഞ്ഞു, ഭീകരന്മാരുടെ ഇടയിലേക്ക് ഇറങ്ങി വന്നത്. കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ലു എന്നുള്ളതിനെ ക്രൂര നിയമം എന്ന് അപഹസിക്കുന്ന ആധുനികൻ, ഭക്ഷണത്തിനു പകരം ജീവൻ എടുത്തപ്പോൾ അത് എത്ര ക്രൂരവും പൈശാചികവും ആയിരുന്നു എന്ന് ഒരിക്കലും സമ്മതിക്കുകയില്ല. നിയമത്തിന്റെ പരിരക്ഷയും, മാനുഷിക പരിഗണനയും, ശിക്ഷാവിധിയിലെ ആർദ്രതയും എല്ലാം വലിയ വക്കീലിനെ വിലക്കു വാങ്ങുവാൻ തക്കവണ്ണം സമ്പത്തുള്ളവനുള്ളതാണ്. അത്രയ്ക്ക് സാമ്പത്തില്ലെങ്കിൽ, നിങ്ങൾ മാനുഷിക പരിഗണനയ്ക്കു യോഗ്യരല്ല.  നിങ്ങളുടെ ഇടയിലെ പരദേശിയെ കരുണയോടെ കാണണമെന്നും, കാലാ പെറുക്കാതെ, അത് അവർക്കായി വിട്ടേയ്ക്കണമെന്നും  ഒക്കെയുള്ള പുരാതന നിയമങ്ങൾ, ഇന്നത്തെ ആധുനിക നാഗരിക നിയമങ്ങളിലും  എത്രയോ മാനുഷികമാണ്!!!!
 നാഗരികന്റെ   ഈ നൃത്തം ഇന്ന് തുടങ്ങിയ ആർഭാട നൃത്തമല്ല. കയീൻ എന്ന നാഗരിക മനുഷ്യൻ ഹാബേൽ  എന്ന ഭൂമി മനുഷ്യനെ കൊന്നപ്പോഴും സംഭവിച്ചത്, ഇത് തന്നെയായിരുന്നു. ഹാബേലിനെ സംബന്ധിച്ചു ഭക്ഷണവും ഭൂമിയും എല്ലാം ദൈവത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. എല്ലാം പൊതു സ്വത്ത്‌  ആയി  അവർ കാണുന്നു.  അതുകൊണ്ടുതന്നെ അതെടുത്തു ഉപയോഗിക്കുന്നതിന് ആരോടും അനുവാദം ചോദിക്കേണ്ട ആവശ്യവും  ഇല്ല. അതുതന്നെയാണ് കാട്ടിലെ നിയമവും- ആർക്കും ഒന്നിന്റെയും മുകളിൽ ഉടമസ്ഥാവകാശം ഇല്ല.  ഉടമസ്ഥാവകാശം സൃഷ്ടാവിനു മാത്രമുള്ളതാണ്. ആരും നാളെക്കായി ഒന്നും കൂട്ടിവയ്ക്കാത്ത സമൂഹത്തിന്റെ നിയമം.  നാളെക്കായി വിചാരപ്പെടാത്തവരുടെ ഇന്നുകൾ  പങ്കിടലിന്റെയും സഹവാസത്തിന്റെയും നൃത്തമായി മാറുന്നു, കാടിൻറെ  നിയമത്തിനുള്ളിൽ. ഒന്നും നാളെക്കായി കൂട്ടിവച്ചു ധനികനാവാൻ അവനാവില്ല. അതവന്റെ നിയമത്തിനെതിരാണ്. അന്നന്നേയ്‌ക്കു ആവശ്യത്തിനുള്ളത് എടുത്തിട്ട്, ബാക്കിയുള്ളത് മറ്റുള്ളവർക്കായി വിട്ടുകൊടുക്കുന്ന കാടിന്റെ പൊതുനിയമം, എല്ലാ കാടിന്റെ മക്കളും,മൃഗങ്ങളും എന്നും പാലിച്ചു വരുന്നു. അന്യൻറെ  അവകാശങ്ങളെയും  പൊതു ഉടമസ്ഥതയെയും  നിരാകരിക്കുന്ന നാഗകാരിക സംസ്കാരത്തിൽ കാടിൻറെ  ആ നിയമത്തിനു ആധുനികതയുടെ പരിവേഷമില്ല.  എന്നാൽ കയീനെ സംബന്ധിച്ച് അവൻ എല്ലാറ്റിന്റെയും ഉടമസ്ഥാവകാശം സ്ഥാപിച്ചെടുത്തവനാണ്. ദൈവത്തെ കാടിന്റെ നടുവിൽ നിന്നും കാടു കടത്തി  (നാടുകടത്താൻ!!!)  ഉടമസ്ഥാവകാശം സ്വന്തമാക്കാൻ ശ്രമിച്ച നാഗരിക മനുഷ്യൻ സ്വയം കാടിനുള്ളിൽ നിന്നും പുറത്തായി.
അവനു മറ്റുള്ളവന്റെ വിശപ്പിനേക്കാൾ, ക്രൂരമായ ലാഭമാണ് മുഖ്യം. ജീവൻറെ വിളി അങ്ങനെ അന്യമായി മാറുന്നു. കവി പാടുന്നതുപോലെ, ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും, ചോരതന്നെ കൊതുകിനു പ്രിയം. കയ്യിൽ സമ്പത്തു ഇല്ലാത്തതിന്റെ പേരിൽ വിശന്നിരിക്കുന്നവൻറെ ദൈന്യത അറിയണമെങ്കിൽ അത് അനിഭവിക്കണം.  ഒരു പാഠപുസ്തകത്തിലും  എഴുതി പഠിപ്പിക്കുവാൻ ആവാത്ത ഒന്നാണത്. പക്ഷെ ജീവനെ തള്ളിക്കളഞ്ഞു സമ്പത്തിനെ (മാമ്മോൻ ) ആരാധിക്കുന്ന ഒരു സമൂഹത്തിനു അതു മനസ്സിലാവുകയില്ല. സ്വന്തം മാതാപിതാക്കൾക്ക് ശുശ്രൂഷ ചെയ്യുന്നതിലെ സാമ്പത്തിക നഷ്ടകണക്കുകൾ നോക്കുന്ന നാഗരിക മനുഷ്യൻ എത്തിപ്പെട്ടു നിൽക്കുന്ന അപചയത്തിന്റെ അറ്റമാണിത്.  അങ്ങനെ ആ ദൈന്യമായ നോട്ടവും മുഖഭാവവും കണ്ടപ്പോൾ, ഒരു കൂട്ടം നാഗരികാർ ഉന്മാദത്തിലായി. എത്രത്തോളം അതിനെ നശിപ്പിക്കാം, എത്രത്തോളം സെൽഫി എടുത്തു അതിനെ ഒരു ആഘോഷം ആക്കി മാറ്റാം- എല്ലാം ഒരു ജീവനെ വച്ചുള്ള പന്താട്ടം. ഒരു മനുഷ്യനും അസഹിഷ്ണുതയെപ്പറ്റി വാചാലരായില്ല. ഒരു രാഷ്ട്രീയ പാർട്ടിയും മാനുഷിക മൂല്യങ്ങളെക്കുറിച്ചു പത്രസമ്മേളനം നടത്തിയില്ല. ഇല്ല-പെരുമ്പറ-ഇല്ല പൂവർഷം .... ഈ നാഗരികതയുടെ സാംസ്കാരിക നേതാക്കൾ എവിടെയും ഉണർന്നില്ല. ഒരു പുരസ്കാരവും തിരിച്ചു നല്കപ്പെട്ടില്ല. ഉറങ്ങുന്നവരെ ഉണർത്താം. ഉറക്കം നടിക്കുന്നവരെ എന്ത് ചെയ്യാനാവും? രാഷ്ട്രീയ അന്ധത ബാധിച്ചാൽ ഉണ്ടാകുന്ന വൈഷ്യമ്യം, തിരഞ്ഞെടുക്കപ്പെടുന്ന ബോധോദയങ്ങളാണ്. തന്റെ യജമാനന് വേണ്ടി മാത്രം  കുരക്കുകയും, യജമാനൻ പറയുമ്പോൾ വാലാട്ടുകയും ചെയ്യുന്ന രാഷ്ട്രീയ അടിമകൾ എളിയവനെ ചവിട്ടി മെതിച്ചും ഇല്ലാതാക്കിയും ആനന്ദനൃത്തം ആടുന്നു. 'സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ' എന്ന് മാത്രം പാടിക്കഴിഞ്ഞാൽ പിന്നെ തിരഞ്ഞെടുത്ത മറവിയാണ്. ഭൂമി മനുഷ്യനും മറ്റു ജീവികൾക്കും ഇനിയും ഇവിടെ എന്തെങ്കിലും ഇടം ബാക്കിയുണ്ടോ?
(Author, A.C.Philip is an advocate, practicing in Supreme Court of India. He can be contacted on Email: pradeeparingada@gmail.com or Mob: 09769110823)


Post Script: 

ഭക്ഷണത്തിനു മുൻപുള്ള പ്രാർത്ഥന:
"സകല ജീവൻറെയും ഉറവിടവും, ഉറവയും, സങ്കേതവുമാകുന്ന ദൈവമേ.............. മണ്ണിൽനിന്നും ഈ ഭക്ഷണത്തിലൂടെ അടിയങ്ങളെ ജീവനുള്ള ദേഹിയായി ദിനവും മെനെഞ്ഞെടുക്കുന്നതിനായി സ്തോത്രം...........   ജീവനുള്ള ഭക്ഷണത്തിലൂടെ അങ്ങയുടെ ജീവന്റെ ഭാഗമായി വളരുവാൻ അനുഗ്രഹിക്കേണമേ............ ഇതിനു പുറകിൽ അധ്വാനിച്ചവരെ, പ്രത്യേകിച്ചും, കർഷകരെ പരിപാലിക്കേണമേ.........  ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്ന്  ഞങ്ങൾക്ക്, ആവശ്യമായ അളവിൽ മാത്രം നൽകേണമേ...........................ആമേൻ "